ലോക ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുടെ മാനവ വിഭവ ശേഷി കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്റെ ആദ്യ ചുവട് വയ്പിന് ഇത്തവണത്തെ ബജറ്റ് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്തവണ നൈപുണ്യവികസന പദ്ധതികളില്‍ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആഗോള ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം. ആഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ക്കായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ പരിശീലന പരിപാടികള്‍ പ്രഖ്യാപിക്കും. നൈപുണ്യ വികസന കോര്‍പ്പറേഷന്റെ കീഴിലായിരിക്കും പദ്ധതികള്‍ വരിക. തൊഴില്‍ ശക്തി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള പദ്ധതികളും പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക ലോകം വിലയിരുത്തുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനംപേര്‍ തൊഴിലെടുക്കാന്‍ പ്രാപ്തരായവരാണെങ്കിലും അതില്‍ വെറും 46 ശതമാനംപേര്‍ മാത്രമാണ് തൊഴിലെടുക്കാന്‍ തയ്യാറാകുന്നത്. തൊഴില്‍സേനയിലെ സ്ത്രീകളുടെ കുറവാണ് ഈ അന്തരത്തിനു പ്രധാനകാരണം. അതിനാല്‍ സ്ത്രീ കേന്ദ്രീകൃത പദ്ധതികളും പ്രതീക്ഷിക്കാം,രാജ്യത്തെ ജനസംഖ്യയില്‍ പകുതിയിലേറെയും യുവതയാണെന്നത് പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്. മാനവിഭവശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന ജനസംഖ്യയെ മികച്ച നേട്ടമാക്കി മാറ്റാന്‍ സാധിക്കും. അതിന് കൃത്യമായ ആസൂത്രണമാണ് വേണ്ടത്. ഈ നടപടികള്‍ക്ക് ഇത്തവണത്തെ ബജറ്റ് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.