എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതിനു പിന്നാലെ മധ്യപ്രദേശില്‍ വ്യവസായിയേയും ഭാര്യയേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഭോപ്പാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള സീഹോറിലെ വസതിയിലാണ് മനോജ് പര്‍മാര്‍, ഭാര്യ നേഹ പര്‍മാര്‍ എന്നിവരെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും അതിലുള്ള കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
മനോജ് പര്‍മാറിന്റെ സീഹോറിലേയും ഇന്ദോറിലേയും വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്( ഇ.ഡി.) പരിശോധന നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ദാരുണസംഭവം. മനോജ് ഉള്‍പ്പെടെ ചില വ്യവസായികളുടേയും വ്യാപാരികളുടേയും സ്ഥാപനങ്ങളില്‍ ഡിസംബര്‍ അഞ്ചിനാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. റെയ്ഡിനെ തുടര്‍ന്ന് മനോജിന്റെ ചില സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഇ.ഡി. പിടിച്ചെടുത്തു. കൂടാതെ മൂന്നരലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് മരവിപ്പിക്കുകയും ചെയ്തു. ആറ് കോടി രൂപയുടെ സാമ്പത്തിക തിരിമറി ആരോപണവുമായി ബന്ധപ്പെട്ട് മനോജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇ.ഡിയുടെ നടപടികളെ തുടര്‍ന്ന് മനോജും നേഹയും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിങ്ങും ഇ.ഡി. നടപടികളെ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാവേളയില്‍ മനോജിന്റെ മക്കള്‍ തങ്ങളുടെ പണക്കുടുക്ക സമ്മാനിച്ചതാണ് ഇ.ഡി. പരിശോധനയുടെ പിന്നിലെ പ്രധാനകാരണമെന്ന് ദിഗ്‌വിജയ് സിങ് സാമൂഹികമാധ്യമത്തിലൂടെ ആരോപിച്ചു.
മനോജിനായി താനൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നതായും എന്നാല്‍ ഏറെ ഭയപ്പെട്ട അവസ്ഥയിലായിരുന്ന മനോജും ഭാര്യയും ജീവനൊടുക്കുകയായിരുന്നുവെന്നും രാജ്യസഭാംഗം കൂടിയായ ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ഇ.ഡി. റെയ്ഡിന് പിന്നാലെ വ്യവസായിയും ഭാര്യയും ജീവനൊടുക്കി
ഭോപ്പാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള സീഹോറിലെ വസതിയിലാണ് മനോജ് പര്‍മാര്‍, ഭാര്യ നേഹ പര്‍മാര്‍ എന്നിവരെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
New Update