/kalakaumudi/media/media_files/2025/09/03/court-2025-09-03-15-50-22.jpg)
ന്യൂഡല്‍ഹി : കൂടുതല്‍ പേര്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമത്തില്‍ പത്ത് വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ചു. 2024 ഡിസംബര്‍ വരെ ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. മുസ്ലിം ഇതര വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയില്‍ അഭയം തേടിയ ആയിരക്കണക്കിനാളുകള്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
2024 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയിലേക്ക് കടന്ന അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വം നല്‍കുക. സാധുവായ പാസ്പോര്‍ട്ടുകളോ യാത്രാ രേഖകളോ ഇല്ലാത്തതിന് പിഴയില്ലാതെ രാജ്യത്ത് തുടരാനും ഇവര്‍ക്ക് അനുവാദം ഉണ്ടാകും.
2025 ലെ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ആണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. മതപരമായ പീഡനങ്ങളില്‍ നിന്നോ അതിനെക്കുറിച്ചുള്ള ഭയത്തില്‍ നിന്നോ ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പാകിസ്താനില്‍ നിന്നുമുള്ള ക്രൂരതകള്‍ നേരിട്ട് ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ തീരുമാനം ആശ്വാസകരമാണ്.