/kalakaumudi/media/media_files/2026/02/24/karni-2026-02-24-07-24-33.jpg)
ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യ സന്ദര്‍ശിക്കും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെ നീണ്ടുനില്‍ക്കുന്ന ഇന്‍ഡോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഇന്ത്യക്കു പുറമേ ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
പ്രധാനമന്ത്രി കാര്‍ണി ആദ്യം മുംബൈ സന്ദര്‍ശിക്കുമെന്നും തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയായി കൂടിക്കാഴ്ച നടത്തുമെന്നും കനേഡിയന്‍ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യാപാരം, ഊര്‍ജം, സാങ്കേതികവിദ്യ, നിര്‍മ്മിതബുദ്ധി, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പുതിയ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കുന്നത് അടക്കം ചര്‍ച്ച ചെയ്യും. ഈ മേഖലകളില്‍ അഭിലഷണീയമായ പുതിയ പങ്കാളിത്തങ്ങളിലൂടെ കാനഡ-ഇന്ത്യ ബന്ധം ഉയര്‍ത്തുന്നതിലും വികസിപ്പിക്കുന്നതിലും നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കാനഡയിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളിലെയും ബിസിനസ് സ്ഥാപനങ്ങള്‍ തമ്മില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമായി അദ്ദേഹം പ്രമുഖ വ്യവസായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദിക്ക് പുറമെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചി എന്നിവരുമായും മാര്‍ക്ക് കാര്‍ണി ചര്‍ച്ചകള്‍ നടത്തും.
2024ല്‍ കാനഡയുടെ ഏഴാമത്തെ വലിയ ചരക്ക് സേവന വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 31 ബില്യണ്‍ ഡോളറാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 2025 ലെ ജി20 ഉച്ചകോടിയില്‍, ഇന്ത്യയും കാനഡയും 2030 ഓടെ വ്യാപാരം 70 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായി ഔദ്യോഗികമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
