ലൈംഗിക പീഡനക്കേസിൽ പ്രിതിയായ ജെ.ഡി.എസ് നേതാവും എം.എൽ.എയുമായ പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചു. വിദേശ കാര്യ മന്ത്രാലയത്തോട് പാസ്‌പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രി നിർദേശിക്കണമെന്നു സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
മേയ് ആദ്യവാരം സമാന ആവശ്യം ഉന്നയിച്ച് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. നയതന്ത്ര പാസ്‌പോർട്ട് റദ്ധാക്കിയാൽ പ്രജ്വലിനെ നാട്ടിൽ എത്തിച്ച് അറസ്റ്റു ചെയ്യാനാകും. ജർമനിയിൽ തുടരുന്ന പ്രജ്വൽ രേവണ്ണയെ പിടികൂടാൻ ബ്ലൂ-റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നു.
ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ പിൻബലത്തിലാണ് അന്വേഷണ സംഘം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. അറസ്റ്റ് വാറണ്ട് ഉള്ളതിനാൽ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടാൽ പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ സാധിക്കും. നയതന്ത്ര പരിരക്ഷയിലാണ് പ്രജ്വൽ ജർമനി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്നത്. ലോക്‌സഭാംഗം എന്ന നിലയ്ക്ക് ലഭിക്കുന്ന ഈ പരിരക്ഷ ഇല്ലാതായാൽ മാത്രമേ വിദേശത്തു വെച്ച് ഇന്റർ പോളിന് പ്രതിയെ പിടികൂടി ഇന്ത്യയിലെത്തിക്കാൻ കഴിയുകയുള്ളൂ. പാസ്‌പോർട്ട് റദ്ദാക്കാൻ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയാണ് കർണാടക ആഭ്യന്തര വകുപ്പ്.