വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കരിയര്‍ കൗണ്‍സിലിങ് വിദഗ്ധന്‍ അറസ്റ്റില്‍

പെണ്‍കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും ഇയാളുടെ ഫോണില്‍ പകര്‍ത്തിയിരുന്നുവെന്നും ഇത് കാണിച്ച് വിദ്യാര്‍ഥിനികളെ നിരന്തരം ഭീഷണിപ്പെടുത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

author-image
Prana
New Update
d

നാഗ്പുരില്‍ നിരവധി വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കരിയര്‍ കൗണ്‍സിലിങ് വിദഗ്ധന്‍ അറസ്റ്റില്‍. കൗണ്‍സിലിങ്ങിന്റെ മറവിലായിരുന്നു ഇയാള്‍ ലൈംഗികാതിക്രമം നടത്തിവന്നത്. പെണ്‍കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും ഇയാളുടെ ഫോണില്‍ പകര്‍ത്തിയിരുന്നുവെന്നും ഇത് കാണിച്ച് വിദ്യാര്‍ഥിനികളെ നിരന്തരം ഭീഷണിപ്പെടുത്തിയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാഗ്പുരിലെ സ്വന്തം വീട്ടിലായിരുന്നു ഇയാള്‍ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ കൗണ്‍സിലിങ് നടത്തി വന്നിരുന്നത്. ഇതിന്റെ മറവിലായിരുന്നു പീഡനം. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇയാള്‍ ഇത്തരത്തില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍പുറത്തുവന്നത്.
തെറാപ്പിക്ക് വേണ്ടി അര്‍ദ്ധരാത്രിയിലായിരുന്നു ഇയാള്‍ വിദ്യാര്‍ഥിനികളെ തന്റെ ചേംബറിലേക്ക് വിളിപ്പിക്കാറുള്ളത്. ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നുംമറ്റുള്ള മാനസിക പിരിമുറുക്കങ്ങള്‍ക്കുള്ള പരിഹാരമെന്നോണമായിരുന്നു ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നത്. രണ്ട് മാസം മുമ്പാണ് സംഭവം പുറം ലോകമറിയുന്നത്. ഇതിന് പിന്നാലെ പീഡനത്തിനിരയായ പല വിദ്യാര്‍ഥിനികളും രംഗത്തെത്തുകയായിരുന്നു.
ഹുഡ്‌കേശ്വര്‍ പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് 18 ഓളം പെണ്‍കുട്ടികളുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും ലഭിച്ചതായാണ് വിവരം. ഇരകളില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
വര്‍ഷത്തില്‍ 9 ലക്ഷം രൂപയാണ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് കൗണ്‍സിലിങ് സെഷന് വേണ്ടി പ്രതിവാങ്ങിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ മാനസികവും വ്യക്തിപരവുമായ ഉയര്‍ച്ച ഈ കൗണ്‍സിലിങ് സെഷനില്‍ കൂടി ഉണ്ടാകുമെന്നും അതിലൂടെ പഠനകാര്യങ്ങളില്‍ വന്‍ മാറ്റമുണ്ടാകുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും എല്ലാ വിവരങ്ങളും പ്രതി ആദ്യം തന്നെ ശേഖരിക്കും. ഇതിന് ശേഷം പെണ്‍കുട്ടിയുടെ വിവരങ്ങളും മനസ്സിലാക്കി വെക്കും. ഇതൊക്കെ രക്ഷിതാക്കളുടെ വിശ്വാസ്യത പിടിച്ചു പറ്റാന്‍ ഇയാള്‍ ഉപയോഗിച്ചു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കിയതിന് ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സാധിക്കുമെന്നും പഠനവിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കുമെന്നും പറഞ്ഞായിരുന്നു ഇയാള്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തിരുന്നത്. തെറാപ്പി ആരംഭിക്കുന്നതിന് മുമ്പ് ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഒരു തരം ദ്രാവകം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Rape Case Arrest nagpur career counselling expert