Suresh Kumar
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിൻറെ കീഴുദ്യോഗസ്ഥന്‍ വൈ.വി.വി.ജെ രാജശേഖറിനുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഉത്തരാഖണ്ഡ് അല്‍മോര നഗരത്തിലുള്ള കോടതിയാണ് ഉത്തരവിട്ടത്.
പ്ലസന്റ് വാലി ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ പരാതിയിലാണ് അധികാരികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും റവന്യൂ പോലീസിനോട് കോടതി ഉത്തരവിട്ടത്.
ദാദാകട ഗ്രാമത്തില്‍ പ്ലസന്റ് വാലി ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൂളിലേക്ക് അധികാരികള്‍ നാല് പേരെ അയക്കുകയും അവര്‍ സന്നദ്ധ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുടെ ഓഫീസ് ചേമ്പര്‍ തകര്‍ത്തെന്നുമാണ് പ്ലസന്റ് വാലി ഫൗണ്ടേഷന്‍ പറയുന്നത്. തുടർന്ന് ഇവര്‍ അഴിമതി നടത്തിയതിൻറെ തെളിവുകളടങ്ങിയ ഫയലുകളും, രേഖകളും, പെന്‍ഡ്രൈവുകളും കൊണ്ടുപോയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
വിജിലന്‍സിലും മറ്റു അന്വേഷണ ഏജന്‍സികള്‍ക്കും കൊടുത്ത പരാതികള്‍ പിന്‍വലിക്കണമെന്ന് പറഞ്ഞ് എന്‍.ജി.ഒ അധികൃതരെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു . നേരത്തേ എഴുതി തയ്യാറാക്കി കൊണ്ടുവന്ന രേഖകളില്‍ പരാതിക്കാരനെ കൊണ്ട് ബലമായി ഒപ്പിടാന്‍ നിര്‍ബന്ധിച്ചു . പ്രതിരോധിച്ചപ്പോള്‍ ഡ്രോയറിലുണ്ടായിരുന്ന അറുപത്തിമൂന്നായിരം രൂപ തട്ടിയെടുത്തെന്നും പരാതിക്കാരന്‍ പറയുന്നു.