/kalakaumudi/media/media_files/2025/04/16/5xBip0n0tsrYpbLqsB2b.jpg)
ബെംഗളൂരൂ: മുഡ ഭൂമിയിടപാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും, ഭാര്യ ബി.എം.പാര്‍വതിക്കും കര്‍ണാടക ഹൈക്കോടതി നോട്ടിസ് അയച്ചു. ലോകായുക്തയില്‍ നിന്നു കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം തള്ളിയ ഉത്തരവിനെതിരെ വിവരാവകാശ പ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. ഏപ്രില്‍ 28നു നോട്ടിസിന് മറുപടി നല്‍കണം. അന്നേ ദിവസം കേസ് കോടതി പരിഗണിക്കും.
വാദം കേള്‍ക്കുന്നതിനിടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കുന്ന അപ്പീല്‍ ആര്‍ട്ടിക്കിള്‍ 226 പ്രകാരം നിലനില്‍ക്കുമോ എന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ലോകായുക്ത അന്വേഷണം പക്ഷപാതപരമോ ദുരുദ്ദേശ്യത്തോടെയോ അല്ലെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി ഏഴിന് കോടതി തള്ളിയിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതി, മൈസൂര്‍ അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും മലയാളിയായ ഏബ്രഹാം ജൂലൈയില്‍ ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു.