/kalakaumudi/media/media_files/wXM2TmFFqQZEWqpamKG7.jpg)
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 40 ശതമാനമാക്കി വെട്ടികുറയ്ക്കാന്‍ കേന്ദ്രം. ശുപാര്‍ശ അടുത്തമാസം ധനകാര്യ കമ്മീഷന് അയക്കും. സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ നികുതി വിഹിതം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെയാണ് ഇരട്ടടിയാവുന്ന നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. പദ്ധതി നടപ്പായാല്‍ പല സംസ്ഥാനങ്ങള്‍ക്കും താങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കും. നികുതി കുറയ്ക്കല്‍ ശുപാര്‍ശ കേന്ദ്രം
സാമ്പത്തിക വിദഗ്ദ്ധനായ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മീഷന് അയക്കും. അതിന് മുന്നോടിയായി അടുത്ത മാസം കേന്ദ്രമന്ത്രി സഭ നിര്‍ദേശത്തിന് അംഗീകാരം നല്‍കും.ഈ വര്‍ഷം ഒക്ടോബര്‍ 31ന് മുന്‍പാണ് കമ്മിഷന്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുമെന്നുമാണ് വിവരം. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതം 1980-ല്‍ 20% ആയിരുന്നു. ഇപ്പോഴത് 41% ആയി ഉയര്‍ന്നു. എന്നാല്‍ ഉയര്‍ന്ന കടമെടുപ്പും കടമെടുത്ത തുകയ്ക്കുള്ള പലിശ തിരിച്ചടവും ബജറ്റിനെ താളംതെറ്റിക്കുന്നെന്നാണ് നിര്‍ദേശത്തിന് പിന്നിലെ കേന്ദ്രത്തിന്റെ വാദം. അതിനാല്‍, അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ പണം ചെലവിടാന്‍ വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചും തങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചും പ്രശ്‌നം പരിഹരിക്കണമെന്നാകും കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ കമ്മിഷനോട് ആവശ്യപ്പെടുക. അതേസമയം, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 41 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമല്ല, ഗുജറാത്ത്, ബംഗാള്‍ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളും സംസ്ഥാന വിഹിതം 50 ശതമാനമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.