/kalakaumudi/media/media_files/qpPUW1ZjfsgvjXMAebfA.jpg)
ലാറ്ററല്‍ എന്‍ട്രിയിലൂടെ കേന്ദ്രമന്ത്രാലയത്തിലേക്ക് 45 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി സമാജ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പിന്നാക്കദളിത്‌ന്യൂനപക്ഷ ഐക്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. ലാറ്ററല്‍ എന്‍ട്രി ബിജെപിയുടെ സംവരണ വിരുദ്ധ മുഖം തുറന്നുകാട്ടിയെന്നും അഖിലേഷ് പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ ലാറ്ററല്‍ എന്‍ട്രിക്കെതിരായി ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന സമരം മാറ്റിവെക്കുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ സാധാരണ ജനങ്ങള്‍ ഇപ്പോള്‍ ബിജെപിയില്‍ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അത് സാധിച്ചെടുക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ബിജെപിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഡാലോചനകളെ ഞങ്ങള്‍ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യമേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള പരസ്യം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു പി എസ് സിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി യുപിഎസ് സി അധ്യക്ഷന് കത്ത് നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
സംവരണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയെങ്കിലും സഖ്യകക്ഷിമന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിവാദ നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നത്.