സില്‍വര്‍ ലൈന്‍ ഇല്ല; അതിവേഗ റെയിലുമായി കേന്ദ്രം

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ അതിവേഗപാത നിര്‍മിക്കുകയാണ് ലക്ഷ്യം.

author-image
Biju
New Update
speed

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി തള്ളി, കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്ക് ഡിപിആര്‍ (വിശദ പദ്ധതിരേഖ) തയാറാക്കാന്‍ റെയില്‍വേ മന്ത്രാലയം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തി. ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഡിഎംആര്‍സിയുടെ ഓഫിസ് പൊന്നാനിയില്‍ തുടങ്ങാന്‍ ഒരുക്കങ്ങളായി. 

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ അതിവേഗപാത നിര്‍മിക്കുകയാണ് ലക്ഷ്യം. 9 മാസത്തിനകം ഡിപിആര്‍ പൂര്‍ത്തിയാക്കാമെന്ന് ഇ.ശ്രീധരന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജനജീവിതത്തെ പരമാവധി ബാധിക്കാത്ത തരത്തില്‍ മേല്‍പാതയും തുരങ്കവും ഉപയോഗിച്ചുള്ളതാകും പാത.  '

മുന്‍പും ഡിപിആര്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം 2009ല്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയാറാക്കി തുടങ്ങിയിരുന്നു. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതി. നിലവില്‍ റെയില്‍വേ ലൈന്‍ ഇല്ലാത്ത മേഖലകള്‍ക്ക് മുന്‍ഗണന നല്‍കാനും ആലോചനയുണ്ട്. ആദ്യ ഡിപിആറിനെ അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോയത്. അധികമായി ഭൂമി ഏറ്റെടുക്കേണ്ടതിനാലും ജനജീവിതത്തെ കാര്യമായി ബാധിക്കുന്നതിനാലും സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമാകില്ലെന്ന് ഇ.ശ്രീധരന്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

മാത്രമല്ല, ചെങ്ങന്നൂര്‍ - പമ്പ ഹൈ സ്പീഡ് പാത നിര്‍ദേശവും ഇ ശ്രീധരന്‍ സമര്‍പ്പിച്ചു. 45 മിനിറ്റുകൊണ്ട് പമ്പയിലേക്കെത്താന്‍ കഴിയുന്ന പദ്ധതിയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മുന്നില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്കമാലിയില്‍ നിന്നുള്ള ശബരിപാതയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പരിഗണന നല്‍കുന്നതെങ്കിലും ചെങ്ങന്നൂര്‍ - പമ്പ പാതയാണ് വരേണ്ടതെന്നാണ് ശ്രീധരന്‍ പറയുന്നത്.

നിര്‍ദ്ദിഷ്ട പാതയില്‍ മൂന്നുമിനിറ്റില്‍ ഒരു വണ്ടി എന്ന നിലയില്‍ ഓടിക്കാം. ഇരട്ടപ്പാതയാണ് നിര്‍മിക്കേണ്ടത്. ആകെ ചെലവ് 9,000 കോടിയേ വരുന്നുള്ളു. ചെങ്ങന്നൂര്‍ - പമ്പ പദ്ധതി വന്നാല്‍ പല നേട്ടങ്ങളുണ്ടാകും, ശബരിമലയാത്ര പൂര്‍ണ്ണമായും ട്രെയിനിലാകും. റോഡപകടങ്ങള്‍ കുറയുമെന്നാണ് ഇ ശ്രീധരന്‍ പറയുന്നത്. ഈ പദ്ധതിക്ക് റെയില്‍വേ തയ്യാറാണ്, സംസ്ഥാനം സഹകരിച്ചാല്‍ മതി. ഡിഎംആര്‍സി മറ്റുകാര്യങ്ങള്‍ നിര്‍വഹിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇ ശ്രീധരന്‍ പറഞ്ഞു.

ഏകദേശം 60-70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് വിഭാവനം ചെയ്യുന്നത്. ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് ഏകദേശം 45 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകും. പദ്ധതി യാഥാര്‍ഥ്യമായാല്‍ മണ്ഡലകാലത്ത് ചെങ്ങന്നൂര്‍ - പമ്പ റൂട്ടിലുണ്ടാകുന്ന കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് അറുതിയാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ഥാടകര്‍ക്ക് ട്രെയിന്‍ ഇറങ്ങി നേരിട്ട് പമ്പയിലേക്ക് വേഗത്തില്‍ എത്താനും കഴിയും.

റോഡുകളിലെ വാഹനപ്പെരുപ്പം കുറയുന്നതോടെ വനമേഖലയിലെ വായുമലിനീകരണവും ശബ്ദമലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. തീര്‍ഥാടന കാലത്തിന് പുറമെ പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കും ഈ പാത വലിയൊരു ഉത്തേജനമാകും.

അതേസമയം പദ്ധതിയ്ക്ക് ചില വെല്ലുവിളികള്‍ക്കും സാധ്യതയുണ്ട്. വനഭൂമി ഏറ്റെടുക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും വന്യജീവി സംരക്ഷണ നിയമങ്ങളുമാണ് പദ്ധതിക്ക് മുന്നിലുള്ള പ്രധാന കടമ്പകള്‍. എന്നാല്‍ പരിസ്ഥിതി ആഘാതം കുറഞ്ഞ രീതികള്‍ അവലംബിച്ചാല്‍ ഇത് മറികടക്കാമെന്നാണ് വിദഗ്ധ പക്ഷം. സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വേ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ശബരിമല തീര്‍ഥാടന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാകും ഇത്.