/kalakaumudi/media/media_files/2025/10/01/da-2025-10-01-15-46-58.jpg)
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയില്‍ (ഡിഎ) മൂന്ന് ശതമാനം വര്‍ധന പ്രഖ്യാപിച്ചു. ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധന നിലവില്‍ വരും.
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ഈ വര്‍ഷത്തെ രണ്ടാമത്തെ വര്‍ധനയാണ് ഇത്. മാര്‍ച്ചില്‍ രണ്ട് ശതമാനം വര്‍ധന പ്രഖ്യാപിച്ചതോടെ ഡിഎ, അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ മൂന്ന് ശതമാനം വര്‍ധന നടപ്പിലാക്കി നാല് മാസത്തിന് ശേഷമായിരുന്നു വീണ്ടും വര്‍ധിപ്പിച്ചത്.
ക്ഷാമബത്തയുടെ അര്‍ധവാര്‍ഷിക പുനരവലോകനങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന, തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വില സൂചിക (സിപിഐ) യിലെ മാറ്റങ്ങള്‍ക്കനുസരിച്ചായിരിക്കും ഇപ്പോഴത്തെ വര്‍ധന എന്നാണ് വിലയിരുത്തല്‍. നിര്‍ദിഷ്ട വര്‍ധന പ്രകാരം, 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്, മാര്‍ച്ചിലെ വര്‍ധനയ്ക്കുശേഷം ലഭിച്ചിരുന്ന 33,000 രൂപയ്ക്ക് പകരം 34,800 രൂപ ഡിഎ ആയി ലഭിക്കും.
ശമ്പളത്തിലും അലവന്‍സുകളിലുമുള്ള തുടര്‍ പരിഷ്‌കരണങ്ങള്‍ ജനുവരിയില്‍ പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മിഷന്‍ തീരുമാനിക്കും. ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആശ്രയിച്ചായിരിക്കും ശമ്പള വര്‍ധന ഉണ്ടാകുക. ഏകദേശം 13 മുതല്‍ 34 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കമ്മിഷന്‍ ശുപാര്‍ശകള്‍ 2026 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കുന്നതോടെ നിലവിലെ 55 ശതമാനം ഡിഎ പൂജ്യമാക്കി അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
