സാമ്പത്തിക നഷ്ടത്തിലായ വിമാനത്താവളങ്ങൾ സ്വകാര്യവൽകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഗൗതം അദാനി മുന്‍നിരയിലുണ്ടാകുമെന്നാണ് സൂചന. അദ്ദേഹത്തിന്‍റെ ഗ്രൂപ്പ് കമ്പനിയായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ഓപ്പറേറ്ററാണ്.

author-image
Rajesh T L
New Update
567

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ നഷ്ടത്തിലായ അര ഡസനോളം വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്‍റെ മൂന്നാം ഘട്ടമാണിത്. ഇത്തവണ  ആകെ 11 വിമാനത്താവളങ്ങള്‍ ആയിരിക്കും സ്വകാര്യവല്‍ക്കരിക്കുകയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ ഈ 11 വിമാനത്താവളങ്ങള്‍ ഏകദേശം 13.5 ദശലക്ഷം ആഭ്യന്തര യാത്രക്കാരെയും 2.4 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരെയും കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് മൊത്തം ആഭ്യന്തര  വ്യോമ ഗതാഗതത്തിന്‍റെ ഏകദേശം 10% ഉം അന്താരാഷ്ട്ര ഗതാഗതത്തിന്‍റെ ഏകദേശം 4% ഉം ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.  വാരണാസിയിലെ വിമാനത്താവളവും സ്വകാര്യവല്‍ക്കരിക്കുന്നതില്‍ ഉള്‍പ്പെടും. വാണിജ്യപരമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണിത്. ഇതിനൊപ്പം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍ പ്രദേശിലെ കുശിനഗര്‍, ബീഹാറിലെ ഗയ എന്നിവയും സ്വകാര്യവല്‍ക്കരിക്കും. ബുദ്ധന്‍ ജ്ഞാനോദയം നേടിയ സ്ഥലമായ ബോധ് ഗയയിലേക്കുള്ള കവാടമാണ് ഗയ. ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്ന വിമാനത്താവളം കൂടിയാണിത്. 

ഭുവനേശ്വര്‍, അമൃത്സര്‍ , ഹുബ്ലി, കാംഗ്ര , റായ്പൂര്‍, തിരുച്ചിറപ്പള്ളി , ഔറംഗാബാദ്, തിരുപ്പതി എന്നിവയാണ് സ്വകാര്യവല്‍ക്കരിക്കാനുദ്ദേശിക്കുന്ന മറ്റ് വിമാനത്താവളങ്ങള്‍. വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഗൗതം അദാനി മുന്‍നിരയിലുണ്ടാകുമെന്നാണ് സൂചന. അദ്ദേഹത്തിന്‍റെ ഗ്രൂപ്പ് കമ്പനിയായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ഓപ്പറേറ്ററാണ്. തിരുവനന്തപുരം വിമാനത്താവളവും അദാനിയുടെ ഉടമസ്ഥതയിലാണ്. രണ്ടാംഘട്ട വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍  ആറ് വിമാനത്താവളങ്ങള്‍ ആണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്.

ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് ചില വിമാനത്താവളങ്ങളും പ്രവര്‍ത്തിപ്പിക്കുന്ന ജിഎംആര്‍ എയര്‍പോര്‍ട്ട്സ് ലിമിറ്റഡും രംഗത്തുണ്ടാകുമെന്നാണ് സൂചന. സര്‍ക്കാര്‍ സ്ഥാപനമായ എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ആണ് നിലവില്‍ ഈ വിമാനത്താവളങ്ങളുടെ ചുമതല. യാത്രക്കാരില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വരുമാനം എഎഐയുമായി പങ്കിടുന്നവര്‍ക്കായിരിക്കും വിമാനത്താവളങ്ങള്‍ കൈമാറുക

adani Malayalam News Adani Enterprises airports