/kalakaumudi/media/media_files/2024/12/03/v6eE5GqgSjpkAat4Rr6G.jpg)
പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് തുടങ്ങിയവ കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്‌തു കിട്ടുന്ന പണം നാട്ടിലേക്ക് അയക്കുമ്പോൾ മുൻകൂട്ടി അറിയിക്കുന്നതാണ് (ഡിക്ലറേഷൻ) സുരക്ഷിതം. പഠനത്തിനായി പോകുന്നു എന്ന് എമിഗ്രേഷനിൽ സാക്ഷ്യപ്പെടുത്തുന്നവർ പണം സമ്പാദിക്കുന്ന മാർഗങ്ങൾ അറിയാനും വിദ്യാർഥികളുടെ അക്കൗണ്ട് വഴി മറ്റാരെങ്കിലും പണം അയക്കുന്നുണ്ടോ എന്ന് അറിയാനുമാണ് പരിശോധന ശക്തമാക്കുന്നത്. വിദ്യാർഥികൾ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുന്നതോടെ ഇടപാടുകൾ സുതാര്യമാക്കാനാവും. പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയിലെ സാമ്പത്തിക ഇടപാട് നിരീക്ഷിക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നിലവിൽ നികുതി നൽകേണ്ടതില്ല, അതേസമയം ഈ സൗകര്യം ഉപയോഗിച്ചു നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. ഇരട്ട നികുതി ഒഴിവാക്കാനായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പണമിടപാടുകളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. നിലവിൽ, പ്രവാസികൾ ഇന്ത്യയിൽ നികുതി റിട്ടേൺ നൽകണമെന്ന് നിർബന്ധമില്ല.