കെ. വാസുകി (ഫയല്‍ ചിത്രം)
ന്യൂഡല്‍ഹി: വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയം ആണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കെ വാസുകി ഐ എ എസിന്റെ പുതിയ നിയമനത്തില്‍ കേരളത്തിന് താക്കീതും നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിഷയങ്ങളില്‍ കൈകടത്തരുതെന്ന് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ ഓര്‍മ്മിച്ചു. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വിദേശ ഏജന്‍സികള്‍, വിദേശരാജ്യങ്ങളുടെ എംബസികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, പ്രതിനിധിസംഘങ്ങള്‍ എന്നിവയും സംസ്ഥാന സര്‍ക്കാരുമായുള്ള എകോപനത്തിനായാണ് ഐ.എ.എസ്. ഉദ്യോഗസ്ഥ കെ. വാസുകിയെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.