/kalakaumudi/media/media_files/2025/01/22/3LQPApXvaT3YCRHSgsgj.jpg)
chalapathy
റായ്പൂര്‍: ഛത്തീസ്ഗഢ് വനത്തില്‍ ജയറാം റെഡ്ഡി എന്ന ഛലപതി നക്സല്‍ നേതാവ് വെടിയേറ്റ് മരിക്കാന്‍ കാരണമായത് ഭാര്യയ്ക്കൊപ്പം വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ഒരു സെല്‍ഫി.
ജയറാം റെഡ്ഡി തന്റെ ഭാര്യ അരുണ എന്ന ചൈതന്യ വെങ്കട്ട് രവിയുമൊത്തുള്ള ഒരു സെല്‍ഫി സുരക്ഷാസേനയ്ക്കു ലഭിച്ചതോടെയാണ് വര്‍ഷങ്ങളായി സേനയ്ക്ക് തലവേദനയായിരുന്ന് ആ നക്സല്‍ നേതാവിനെ തിരിച്ചറിയാന്‍ സഹായകമായത്. സാധാരണയായി നക്സലുകള്‍ തങ്ങളുടെ ചിത്രങ്ങള്‍ ഒരു തരത്തിലും പുറത്തുവരാതെ സൂക്ഷിക്കുന്നവരാണ്.
പലപ്പോഴും വേഷം മാറിയാണ് ഇവരുടെ സഞ്ചാരവും. വര്‍ഷങ്ങളോളം ആള്‍മാറാട്ടത്തില്‍ താമസിച്ചിരുന്ന ഛലപതിയെ ആന്ധ്ര ഒഡീഷ ബോര്‍ഡര്‍ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ ഡെപ്യൂട്ടി കമാന്‍ഡറായ' ഭാര്യ അരുണയുമായുള്ള ഒരു സെല്‍ഫിയിലൂടെ സുരക്ഷാ സേനയെ തിരിച്ചറിയുകയായിരുന്നു. 2016 മേയില്‍ ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് കണ്ടെടുത്ത ഉപേക്ഷിക്കപ്പെട്ട സ്മാര്‍ട്ട്ഫോണില്‍ നിന്നാണ് ചിത്രം സേന കണ്ടെത്തിയത്.
2008 ഫെബ്രുവരിയില്‍ ഒഡീഷയിലെ നയാഗര്‍ ജില്ലയില്‍ 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഛലപതിക്ക് ഒരു കോടി രൂപ പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാമചന്ദ്ര റെഡ്ഡി, അപ്പറാവു, രാമു എന്നിങ്ങനെ നിരവധി അപരനാമങ്ങളിലാണ് ജയറാം റെഡ്ഡി അറിയപ്പെടുന്നത്.
എന്നാല്‍ ഏറ്റവും പ്രചാരം നേടിയിരുന്ന പേര് ഛലപതി എന്നായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ മദനപള്ളി സ്വദേശിയായ ഛലപതിക്ക് പത്താം ക്ലാസ് യോഗ്യതാണ് ഉള്ളത്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞിട്ടും മാവോയിസ്റ്റ് നിരയില്‍ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി മാറി. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ നിര്‍ണായക ബുദ്ധികേന്ദ്രമായിരുന്നു അറുപതുകാരനായ ഛലപതി. നിരോധിത സംഘടനയുടെ സെന്‍സിറ്റീവ് ഓപ്പറേഷനുകള്‍ക്ക് പിന്നില്‍ ഛലപതിയുടെ ബുദ്ധി ഉണ്ടായിരുന്നു.
ബസ്തറിലെ ഇടതൂര്‍ന്ന വനങ്ങള്‍ ഛലപതിക്ക് പരിചിതമായിരുന്നു. 8 മുതല്‍ 10 വരെ പേഴ്‌സണല്‍ ഗാര്‍ഡുകള്‍ക്ക് നടുവിലായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. അദ്ദേഹത്തിന്റെ തന്ത്രപരമായ വൈദഗ്ധ്യം, നേതൃപാടവം, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ വിഭവങ്ങള്‍ സമാഹരിക്കാനുള്ള കഴിവ് എന്നിവയാണ് അദ്ദേഹത്തെ കുപ്രസിദ്ധ നേതാവാക്കി മാറ്റിയത്.
തുടരെ ഏറ്റുമുട്ടലുകള്‍ നടക്കുന്നതിനാല്‍ എപ്പോഴും തന്റെ ഒളിത്തവളങ്ങള്‍ ഛലപതി മാറ്റാറുണ്ടായിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, ഛത്തീസ്ഗഡില്‍ നിന്നുള്ള കോബ്രാ കമാന്‍ഡോകള്‍, ഒഡീഷയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവരടങ്ങുന്ന സംയുക്ത സംഘവുമായുള്ള വെടിവയ്പിലാണ് ഛലപതിയും കൂട്ടാളികളും കൊല്ലപ്പെട്ടത്.