ചെനാബ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തം. കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ഇന്ത്യന്‍ റെയില്‍വേ നിര്‍മിച്ച കൂറ്റന്‍ ആര്‍ച്ച് പാലം ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ നിര്‍മാണമായിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കുറുകെ കടക്കാനാണ് ഈ പാലം.
ഈഫല്‍ ടവറിനെക്കാള്‍ 35 മീറ്റര്‍ അധികം ഉയരമാണിതിന്. 359 മീറ്റര്‍ ഉയരമാണ് ചെനാബ് ആര്‍ച്ച് പാലത്തിന്. 1315 മീറ്റര്‍ നീളവുമുണ്ട്. ഉദ്ദംപൂര്‍-ബാരാമുള്ള റൂട്ടില്‍ വ്യത്യസ്ത ഉയരങ്ങളിലുള്ള മലയിടുക്കുകളെ ബന്ധിപ്പിച്ചാണ് പാലത്തിന്റെ നിര്‍മാണം.
പ്രവചനാനീതമായ ഭൂപ്രകൃതിയിലെ കാറ്റിനോടും മഞ്ഞിനോടും പര്‍വതങ്ങളോടും മല്ലിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് പാലം നിര്‍മിച്ചത്. കൊടുങ്കാറ്റിനെപോലും അതിജീവിക്കാന്‍ പറ്റുന്ന തരത്തിലാണ് പാലം പണികഴിപ്പിച്ചിരിക്കുന്നത്.
കശ്മീരിലേക്കുള്ള റെയില്‍ റൂട്ട് പൂര്‍ത്തിയാക്കണമെങ്കില്‍ ചെനാബ് നദി കടക്കണം. ഇവിടെയല്ലെങ്കില്‍ മറ്റെവിടെയും നദിക്ക് കുറുകെ പാലം പണിയാനാകില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യന്‍ റെയില്‍വേ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക് കീഴിലാണ് ഈ റെയില്‍വേ പാത. നിര്‍മാണ ദൗത്യം നിറവേറ്റിയത് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍.
ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ റൂട്ടില്‍ നിലവില്‍ റിയാസി ജില്ലയിലെ കട്രയ്ക്കും റംബാന്‍ ജില്ലയിലെ ബനിഹാലിനുമിടയിലെ 63.8 കിലോമീറ്ററിലാണ് ട്രെയിന്‍ സര്‍വീസില്ലാത്തത്. ചെനാബ് ഉള്‍പ്പടുന്ന ഈ ഭാഗം കൂടി പൂര്‍ത്തിയായാല്‍ താഴ്വര പൂര്‍ണമായും ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധിപ്പിക്കപ്പെടും. പിന്നെ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ ട്രെയിന്‍ ഓടി തുടങ്ങും.