ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 17 മാവോയിസ്റ്റുകളെ വധിച്ചു

രണ്ട് ഡിആര്‍ജി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെങ്കിലും, അവരുടെ നില തൃപ്തികരമാണെന്നും, വന്‍ തോക്ക് ശേഖരം, റോക്കറ്റ് ലോഞ്ചറുകള്‍, സ്ഫോടക വസ്തുക്കള്‍ സുരക്ഷാ സേന പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

author-image
Biju
New Update
jjh

ദന്തേവാഡ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലില്‍ 17 മാവോവാദികള്‍ കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം രൂപയുടെ സമ്മാനത്തുകയുള്ള മാവോവാദി കമാന്‍ഡര്‍ ജഗദീഷ് (ബുദ്ര) ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടവരില്‍ പ്രധാന വ്യക്തി. 2013-ല്‍ നടന്ന ജിറാം വാലി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജഗദീഷ് ആയിരുന്നു. അന്നത്തെ ആക്രമണത്തില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നന്ദ്കുമാര്‍ പട്ടേലും മറ്റ് 25 പേരുമാണ് കൊല്ലപ്പെട്ടത്.

2023-ലെ അരണ്‍പുര്‍ ആക്രമണത്തിലും ജഗദീഷ് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ഇതൊരു പ്രധാന വിജയമാണെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച രാവിലെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സുക്മ ജില്ലയിലെ കേര്‍ലാപാല്‍ മേഖലയില്‍ സുരക്ഷാ സേന മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഉഞഏ), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന സംയുക്ത സേന നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

എറ്റുമുട്ടലിന് ശേഷം 17 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് ഡിആര്‍ജി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെങ്കിലും, അവരുടെ നില തൃപ്തികരമാണെന്നും, വന്‍ തോക്ക് ശേഖരം, റോക്കറ്റ് ലോഞ്ചറുകള്‍, സ്ഫോടക വസ്തുക്കള്‍ സുരക്ഷാ സേന പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ദന്തേവാഡ-ബീജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ സുരക്ഷാ സേന നടത്തിയ മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. തലയ്ക്ക് 25 ലക്ഷം രൂപ സമ്മാനത്തുകയുള്ള മാവോവാദി നേതാവ് സുധീര്‍ (സുധാകര്‍) അന്നത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായിരുന്നു. വര്‍ഷങ്ങളായി സേനയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന സുധീരിന്റെ മരണം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച സുരക്ഷാ സേനയുടെ തുടര്‍ച്ചയായ ഓപ്പറേഷനുകള്‍ ഈ മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പിക്കുന്നു.

maoist attack