തിരുവസ്ത്രം കണ്ടാല്‍ ഹാലിളകുന്ന രാഷ്ട്രീയം

1998-ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2014-ല്‍ 127 ആയിരുന്ന ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ 2024-ല്‍ 834 ആയി കുത്തനെ ഉയര്‍ന്നു

author-image
Biju
New Update
cha

റായ്പൂര്‍: ചത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദനയ്ക്കും സിസ്റ്റര്‍ പ്രീതിക്കുമെതിരെ, മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് കേരളത്തില്‍ നിന്നുള്ള പ്രതിരക്ഷ എംപിമാര്‍ നോട്ടീസ് നല്‍കിയെങ്കിലും അത് സഭയില്‍ അുവദിക്കപ്പെട്ടില്ല. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ ബെന്നി ബഹന്നാനും ഫ്രാന്‍സിസ് ജോര്‍ജും അടക്കം ചത്തീസ്ഗഡില്‍ എത്തി  കന്യാസ്ത്രീമാരെ കാണാന്‍ ശ്രമിക്കുകയും ആദ്യം അനുമതി നിഷേധിക്കുകയും പിന്നീട് അനുമതി നല്‍കുകയുമായിരുന്നു.

അതിനിടെ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ജനറല്‍ സെക്രട്ടറി അനൂപ്  ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ചത്തീസ്ഗഡില്‍ എത്തി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയുമൊക്കെ കണ്ടിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുംവരെ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ബിജെപി കേരള അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെത്തിയ അദ്ദേഹം ആവശ്യമെങ്കില്‍ ചത്തീസ്ദഡിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ക്രൈസ്തവ പുരോഹിതന്മാര്‍ക്കെതിരായ അക്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.                                  

രേഖകളെല്ലാം ഉണ്ടായിരുന്നിട്ടും, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവം, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ചിത്രമാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; മറിച്ച് ഇന്ത്യയില്‍, പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ക്രൈസ്തവ പുരോഹിതര്‍ക്കും മതനേതാക്കള്‍ക്കും നേരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഒരു നീണ്ട ചരിത്രത്തിന്റെ ഭാഗമാണിത്.

1998-ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പോലുള്ള സംഘടനകളുടെ കണക്കുകള്‍ പ്രകാരം, 2014-ല്‍ 127 ആയിരുന്ന ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ 2024-ല്‍ 834 ആയി കുത്തനെ ഉയര്‍ന്നു. ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് പോലുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. അടുത്തിടെ നടന്ന ക്രൈസ്തവ ആക്രമണങ്ങള്‍ ഓരോന്നായി നോക്കിയാല്‍

2025 മാര്‍ച്ചിലെ ജബല്‍പൂര്‍ അക്രമം

റാഞ്ചി പൊലീസ് സ്റ്റേഷനുള്ളില്‍ വെച്ച് രണ്ട് മുതിര്‍ന്ന മലയാളി കത്തോലിക്കാ പുരോഹിതന്മാരെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ചു. മതപരിവര്‍ത്തനം ആരോപിച്ച് കസ്റ്റഡിയിലെടുത്ത 50 ഓളം ആദിവാസി കത്തോലിക്കരെ സഹായിക്കാനാണ് പുരോഹിതര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. പോലീസ് നിഷ്‌ക്രിയരായി അക്രമം നോക്കിനില്‍ക്കുന്ന സാഹചര്യമാണുണ്ടായത്.

1998-ലെ ഗുജറാത്ത് ആക്രമണങ്ങള്‍

ഗുജറാത്തിലെ ഡാങ് ജില്ലയിലും സമീപപ്രദേശങ്ങളിലും 20-ലധികം പള്ളികളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍, പള്ളികള്‍ക്ക് കേടുപാടുകള്‍ വരുത്തല്‍ എന്നിവയും ഈ സമയത്ത് വ്യാപകമായിരുന്നു.

1999-ലെ റാനലായി അക്രമം

ഒഡീഷയിലെ റാനലായി ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ സംഘപരിവാര്‍ അനുയായികളെന്ന് കരുതപ്പെടുന്ന 2000-ത്തോളം പേര്‍ ചേര്‍ന്ന് 157 ക്രൈസ്തവ ഭവനങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കുകയും മറ്റുള്ളവ കൊള്ളയടിക്കുകയും ചെയ്തു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റീസ് ഈ അക്രമത്തിന് ബി.ജെ.പിയെ കുറ്റപ്പെടുത്തിയിരുന്നു.

2004-ല്‍ കേരളത്തിലും 

കോഴിക്കോട് മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ക്കും പുരോഹിതന്മാര്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് ഗ്ലോബല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍സ് ആരോപിച്ചിരുന്നു.

2007, 2008-ലെ കാന്ധമാല്‍ അക്രമങ്ങള്‍

ഒഡീഷയിലെ കാന്ധമാല്‍ ജില്ലയില്‍ 2007-ലും 2008-ലും ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ 2008-ലെ അക്രമത്തില്‍ 39 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 3906 ക്രൈസ്തവ ഭവനങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തു. 395-ലധികം പള്ളികളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ബജ്രംഗ്ദള്‍, ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകളാണ് ഈ അക്രമങ്ങള്‍ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും പരസ്യമായി നഗ്‌നയാക്കി നടത്തുകയും ചെയ്ത സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും കൊലപാതകം

ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് ആണ്‍മക്കളെയും ജീവനോടെ അന്ഗ്‌നിക്കിരയാക്കി. മതപരിവര്‍ത്തനം ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് ഈ കൊലപാതകങ്ങള്‍ക്കും പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിപ്പൂര്‍ അക്രമം

മണിപ്പൂരില്‍ നടന്ന വംശീയ അതിക്രമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. സമൂഹമാധ്യങ്ങളില്‍ പ്രചരിച്ച സ്ത്രീകള്‍ക്കെതിരെയുള്ള പരസ്യമായ കൂട്ട ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. നൂറുകണക്കിന് പള്ളികളും ഭവനങ്ങളും നശിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ഇതിനു പിന്നിലും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സ്വാധീനം ആരോപിക്കപ്പെടുന്നു.

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. ഏകദേശ ജനസംഖ്യ 34 ലക്ഷം. മെയ്തേയ്, കുക്കി, നാഗ എന്നീ വംശങ്ങളില്‍പ്പെട്ടവരാണ് ബഹുഭൂരിപക്ഷം മണിപ്പൂരികള്‍. ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്തേയ്കളാണ് പ്രബലര്‍. അവര്‍ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്നു. സംസ്ഥാന വിസ്തൃതിയുടെ 10 ശതമാനം ഉള്‍ക്കൊള്ളുന്നതും മണിപ്പൂരിന്റെ തലസ്ഥാനവുമായ ഇംഫാലിലെ താഴ്വരകളിലാണ് മെയ്തേയ്കള്‍ വസിക്കുന്നത്. കുക്കികളും നാഗകളും പ്രധാനമായും ക്രിസ്ത്യന്‍ മതവിശ്വാസികളാണ്. മലയോര മേഖലകളാണ് ഇവരുടെ തട്ടകം. കുക്കികള്‍ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍പ്പെട്ടവരാണ്. മ്യാന്‍മാറിലെ ചിന്‍ ഗോത്രവിഭാഗങ്ങളുമായി പാരമ്പര്യബന്ധം പുലര്‍ത്തുന്നവര്‍ കൂടിയാണ് കുക്കികള്‍.

ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എ.ടി.എസ്.യു.എം) 2023 മേയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് ആണ് ഇപ്പോള്‍ ആളിക്കത്തുന്ന മേയ്തേയ്-കുക്കി വംശീയ കലാപത്തിന് തുടക്കമിടുന്നത്. മേയ്തേയ്കളെ ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍പ്പെടുന്നതോടെ മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് തിരിഞ്ഞു. ഇന്നിപ്പോളത് മണിപ്പൂരിനെ രക്തരൂക്ഷിത വംശീയ കലാപത്തിന്റെ പടിയിലാക്കി. ജൂലൈ 12 വരെ കുറഞ്ഞത് 142 മനുഷ്യര്‍ കൊല്ലപ്പെടുകയും 54,000 പേര്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധരാവുകയും ചെയ്തു.

ചരിത്രപരമായ സംഘര്‍ഷം നിലനില്‍ക്കുന്ന രണ്ട് വിഭാഗങ്ങളാണ് മെയ്തേയ്-കുക്കി. 'സ്വാതന്ത്ര്യത്തിന്റെ ഭൂമി' അഥവ സാലെന്‍ ഗാം എന്ന് വിശേഷിപ്പിക്കുന്ന അവരുടെ മാതൃരാജ്യം സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി 90-കളില്‍ ആയുധം കൈയിലെടുത്തവരാണ് കുക്കികള്‍. കുക്കികളുടെ അധിവാസപ്രദേശ(കുക്കിലാന്‍ഡ്)ത്തിന്റെ വലിയൊരു ഭാഗവും 'നാഗാലിമു'മായി(ഗ്രേറ്റര്‍ നാഗാലാന്‍ഡ് എന്ന പേരില്‍ നാഗകള്‍ ആവശ്യമുന്നയിക്കുന്ന സ്വതന്ത്രനാട്) ചേര്‍ന്നു കിടക്കുന്നതാണ്. ഇതുമൂലം നാഗകളുമായുള്ള ഏറ്റമുട്ടലിനാണ് 90 കളില്‍ കുക്കികള്‍ ആയുധമെടുക്കുന്നത്. മണിപ്പൂര്‍ രാജവംശവും ഇന്ത്യന്‍ യൂണിയന്‍ സര്‍ക്കാരും തമ്മില്‍ 1949 ല്‍ ഒപ്പ് വച്ച ലയന കരാറില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നാണ് കുക്കികള്‍ ആരോപിക്കുന്നത്.

വംശീയ സംഘര്‍ഷങ്ങള്‍ കലുഷിതമാക്കിയ മണിപ്പൂരില്‍ സമാധാനം കടന്നുവരുന്നത് 2008 ല്‍ എസ്.ഒ. ഒ ഒപ്പ് വയ്ക്കുന്നതോടെയാണ്. എന്നാല്‍ സമീപകാല സര്‍ക്കാര്‍ ഇടപെടലുകള്‍ മണിപ്പൂരിനെ വീണ്ടും അശാന്തിയുടെ ഭൂമികയാക്കി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മണിപ്പൂരില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരില്‍ ആരംഭിച്ച നടപടികളും, കറുപ്പ് കൃഷി നിര്‍മാര്‍ജ്ജന കാമ്പയിനും, മാര്‍ച്ച് മാസത്തില്‍ എസ്.ഒ.ഒ കരാര്‍ പിന്‍വലിച്ചതുമെല്ലാം തങ്ങള്‍ക്കെതിരേയുള്ള വംശീയ അതിക്രമമായാണ് കുക്കികള്‍ കരുതുന്നത്. തീവ്രവാദികള്‍ മലനിരകളില്‍ അശാന്തി പരത്തുന്നുവെന്ന കാരണം പറഞ്ഞായിരുന്നു എസ്.ഒ.എസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

ഭരണകൂടം തങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നുവെന്ന ആശങ്ക കുക്കികളെ പൊതിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് മെയ്തേയ്കള്‍, അവരെ ഷെഡ്യൂള്‍ ട്രൈബ് ആയ പരിഗണക്കണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം ആരംഭിക്കുന്നത്. ഇത് കുക്കികളെ കൂടുതല്‍ ഭയപ്പെടുത്തി. മണിപ്പൂരില്‍ സാമ്പത്തികമായും സാമൂഹികമായും മേധാവിത്വം പുലര്‍ത്തുന്ന വിഭാഗം മെയ്തേയ്കളാണ്. സംസ്ഥാന നിയമസഭയില്‍ ആകെയുള്ള 60 എംഎല്‍എമാരില്‍ 40 പേരും മെയ്തേയ് വിഭാഗത്തില്‍ നിന്നാണെന്നത് അവര്‍ക്ക് അധികാരശക്തിയും നല്‍കുന്നു. മ്യാന്‍മാറില്‍ നിന്നും വലിയതോതിലുള്ള കുടിയേറ്റം സംസ്ഥാനത്തുണ്ടാകുന്നു എന്നാരോപിച്ചാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് അനധികൃത കുടിയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയത്. കുക്കികള്‍ ഈ 'അനധികൃത കുടിയേറ്റം' തങ്ങളെ ലക്ഷ്യം വച്ചുള്ള സര്‍ക്കാര്‍ നീക്കമായാണ് കാണുന്നത്. ഇപ്പോള്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഷെഡ്യൂള്‍ ട്രൈബ് ഗണത്തില്‍ മെയ്തേയ്കളെയും ഉള്‍പ്പെടുത്തുന്നത് കുക്കികളും നാഗകളും ഒരുപോലെ ഭയപ്പെടുന്ന കാര്യമാണ്. തങ്ങളുടെ സംരക്ഷിത മേഖലകളായ മലയോരങ്ങളിലേക്ക് മെയ്തേയ്കള്‍ കടന്നുവരുമെന്നതാണ് അവരുടെ മുഖ്യമായ ഭയം.

മെയ്തേയ് വിഭാഗത്തിന്റെ ആവശ്യവും കുക്കികളും ആശങ്കയും സംഘര്‍ഷഭരിതമാക്കിയ സാഹചര്യത്തിലാണ് അരംബയ് തെംഗ്ഗോള്‍, മെയ്തേയ് ലീപുണ്‍ എന്നീ സായുധസംഘടനകള്‍ കുക്കികളെ കൂട്ടക്കൊല ചെയ്തെന്ന ആരോപണം ഉയരുന്നത്. മെയ്തേയ് ഭൂരിപക്ഷമായ സംസ്ഥാന ഭരണകൂടവും ഈ കൂട്ടക്കൊലയില്‍ സംശയത്തിന്റെ നിഴലിലായി. മെയ്തേയ്കളോട് പ്രതികാരം ചെയ്യാന്‍ കുക്കികളും ആയുധം കൈയിലെടുത്തു. അവര്‍ ശത്രുക്കളും വീടുകളും സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കി.

മണിപ്പൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്‍ ഇപ്പോള്‍ ആരും തന്നെ വിശ്വസിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനയും ഫലം കണ്ടിട്ടില്ല.

chhattisgarh