പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി; കേരളത്തിന്റെ കടമെടുപ്പ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യം

നാല് പ്രധാന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചു. വയനാട് പുനരധിവാസത്തിന് എന്‍ഡിആര്‍ഫില്‍ നിന്ന് 2221 കോടി ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
Biju
New Update
pm

ന്യൂഡല്‍ഹി: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരെ നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക പ്രശ്നങ്ങള്‍, മറ്റ് വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നാല് പ്രധാന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചു. വയനാട് പുനരധിവാസത്തിന് എന്‍ഡിആര്‍ഫില്‍ നിന്ന് 2221 കോടി ഗ്രാന്റ്  അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കടമെടുപ്പ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും ദശാശം 5 ശതമാനം അധികമായി കടമെടുക്കാന്‍  അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ദേശീയപാതാ വികസനത്തിനും പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നെല്ല് സംഭരണത്തിലെ കുടിശിക ഉടന്‍ അനുവദിക്കണമെന്നും അതിനായി എത്രയും വേഗം ഇടപെടല്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോട്  ആവശ്യപ്പെട്ടതായി പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി. ധന ഞെരുക്കത്തില്‍ ഇടപെടണമെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് 9765 കോടിയുടെ ജിഎസ്ടി വരുമാനനഷ്ടം ഉണ്ട്. 5200 കോടി കടമെടുപ്പ് പരിധിയില്‍ കുറവ് ഉണ്ട്. താല്‍ക്കാലിക ആശ്വാസമായി മുന്‍പത്തെ കടമെടുപ്പ് പരിധി പുനസ്ഥാപിക്കണം. അക്കാര്യം ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു ദേശീയപാതാ വികസനത്തിന് കേരളംസ്വീകരിക്കുന്ന നടപടിയെ ഗഡ്കരി അഭിനന്ദിച്ചു. എന്‍എച്ച്66 എല്ലാ റീച്ചുകളുടെയും നിര്‍മ്മാണ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാക്കും. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഗഡ്കരിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.