ധരംപേട്ടിലെ ആര്‍എസ്എസ് ശാഖപ്രവര്‍ത്തകനില്‍ നിന്ന് മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രത്തില്‍ എത്തിയ ദേവേന്ദ്ര ഫട്‌നാവിസ് ഇന്ന് വീണ്ടും മുഖ്യമന്ത്രികസേരയിലെത്തിയിരിക്കുകയാണ്.2014 മുതല്‍ 2019 വരെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 2019ല്‍ അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. കഴിഞ്ഞ തവണ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.
സരസ്വതി വിദ്യാലയത്തിലെ പഠനകാലത്ത് തന്നെ ആര്‍എസ്എസിനോട് പ്രണയമായിരുന്നു ഫഡ്‌നാവിസിന്. പിന്നീട് ധരംപേട്ടിലെ ആര്‍എസ്എസ് ശാഖയിലെ പ്രവര്‍ത്തകനായി. അഭിഭാഷകനായി കരിയര്‍ തുടങ്ങിയ അദ്ദേഹം 22 ാം വയസില്‍ നാഗ്പൂര്‍ കോര്‍പ്പറേഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വളരെ ചെറിയ പ്രായത്തില്‍ തന്നെ നേതൃപാടവം തെളിയിച്ചു. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ആറ് തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 27ാം വയസില്‍ നാഗ്പൂരിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ഫട്‌നാവിസ് അധികാരമേറ്റു. പിന്നീട് മഹാരാഷ്ട്രയുടെ രണ്ടാമത്തെ ബ്രാഹ്മണ മുഖ്യമന്ത്രിയെന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി അതുല്‍ ലിമായെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന പിടിവള്ളി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ' എക് ഹെ തോ സേഫ് ഹേ' എന്ന മുദ്രാവാക്യവും അദ്ദേഹം പ്രചരണങ്ങളിലുടനീളം ഉപയോഗിച്ചു. എല്ലാവരെയും ആകര്‍ഷിക്കുന്ന നേതൃഗുണം കാഴ്ചവെയ്ക്കുന്നയാളാണ് ഫട്‌നാവിസ്. 2014ല്‍ ആദ്യമായി മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ഫട്‌നാവിസ് മറാത്ത സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി. മുംബൈനാഗ്പൂര്‍ സമൃദ്ധി മഹാമാര്‍ഗ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളും അദ്ദേഹം ആരംഭിച്ചു. കൂടാതെ പോലീസ് സേനയിലും കാര്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇത്തവണ 288 അംഗ നിയമസഭയില്‍ 233 സീറ്റുകള്‍ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ എത്തിയത്. 132 സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാടിക്ക് 50 സീറ്റുകളെ നേടാനായുള്ളൂ.