ശ്രീനഗർ : ജമ്മു കശ്മീരിൽ,ശൈത്യകാലത്തെ ഏറ്റവും തണുപ്പുള്ള ചില്ല-ഇ-കലാൻ ആരംഭിച്ചു.ശ്രീനഗറിലെ ഏറ്റവും കുറഞ്ഞ താപനില -7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 7 ഡിഗ്രി സെൽഷ്യസുമായാണ് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തുന്നത്.വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ദാൽ തടാകത്തിൻ്റെ ഉപരിതലം നിലവിൽ തണുത്തുറഞ്ഞ അവസ്ഥയാണ്. കൈകൾ കൊണ്ട് ഐസ് പൊട്ടിച്ചാണ് വള്ളക്കാർ നദിയിലൂടെ മുന്നോട്ട് നീങ്ങുന്നത്.നഗരത്തിലേക്കും താഴ്‌വര പ്രദേശങ്ങളിലേക്കും പോകുന്ന കനാലുകളും തണുത്തുറഞ്ഞു.
ശ്രീനഗറിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനില 1934 ഡിസംബർ 13-നാണ് രേഖപ്പെടുത്തിയത്.അന്ന് അത് -12.8 ഡിഗ്രി സെൽഷ്യസായിരുന്നു. തണുപ്പിൻ്റെ കാഠിന്യം കണക്കിലെടുത്ത് നഗരത്തിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും പാലിക്കണമെന്നും നാട്ടുകാർ പറഞ്ഞു.പഹൽഗാമിൽ -5.2 ഡിഗ്രി സെൽഷ്യസും ഗുൽമാർഗിൽ -6.0 ഉം കോക്കർനാഗിൽ -3.7 ഉം ആണ് കുറഞ്ഞ താപനില.
കഠിനമായ തണുപ്പിൻ്റെ സവിശേഷതയായ ചില്ല-ഇ-കലൻ എന്ന കാലയളവ് ജനുവരി 31 വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 20 ദിവസങ്ങൾ 'ചില്ല-ഇ-ഖുർദ്' കാലവും അടുത്ത പത്ത് ദിവസം ചില്ല-ഇ-ബച്ചയും കാലഘട്ടവുമായിരിക്കും.ഇതിനുശേഷമായിരിക്കും ജമ്മു കാശ്മീർ കടുത്ത തണുപ്പിൽ നിന്ന് കരകയറുക.