അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് വീഡിയോ ചിത്രീകരണം; ചൈനീസ് പൗരനെ കൈയ്യോടെ പൊക്കി എസ്എസ്ബി

അറസ്റ്റിലായ ചൈനീസ് പൗരന്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

author-image
Biju
New Update
arrest

ലഖ്നൗ: അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ചൈനീസ് പൗരന്‍ അറസ്റ്റില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിയമവിരുദ്ധമായി പ്രവേശിക്കുകയും, ഈ പ്രദേശം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്ത 49 കാരനായ ചൈനീസ് പൗരനെയാണ് എസ്എസ്ബി (സശസ്ത്ര സീമ ബല്‍) അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ രൂപൈദിഹ ചെക്ക്പോസ്റ്റില്‍ തിങ്കാളാഴ്ച ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തതായി എസ്എസ്ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അറസ്റ്റിലായ ചൈനീസ് പൗരന്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍, ചൈനീസ്, നേപ്പാള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം പറഞ്ഞു.

'നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ഇയാള്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഒരു അതിര്‍ത്തി പ്രദേശം വീഡിയോയില്‍ പകര്‍ത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത് ' എന്ന് എസ്എസ്ബിയുടെ 42-ാം ബറ്റാലിയന്റെ കമാന്‍ഡര്‍ ഗംഗാ സിംഗ് ഉദാവത് പറഞ്ഞു.

അറസ്റ്റിലായ ചൈനീസ് പൗരന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ താമസിക്കുന്ന ലിയു കുന്‍ജിംഗ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള രേഖകള്‍ ഇയാളുടെ പക്കലില്‍ ഇല്ലായിരുന്നു. മൂന്ന് മൊബൈല്‍ ഫോണുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അതിലൊന്നില്‍ ഇന്ത്യന്‍ പ്രദേശത്തെ നിരവധി സെന്‍സിറ്റീവ് (നിരോധിത പ്രദേശം) സ്ഥലങ്ങളുടെ വീഡിയോകള്‍ അടങ്ങിയിട്ടുണ്ട്' എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

' അയാളുടെ പക്കല്‍ നിന്ന് നേപ്പാളിന്റെ ഒരു ഭൂപടം കണ്ടെത്തി. ഭൂപടത്തില്‍ എല്ലാം ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. എന്നാല്‍ ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെന്നാണ് അറസ്റ്റിലായ കുന്‍ജിംഗ് ആംഗ്യങ്ങളിലൂടെ സൂചിപ്പിച്ചത്. എസ്എസ്ബിയും പൊലീസും മറ്റ് സുരക്ഷ ഏജന്‍സികളും ചൈനീസ് അറിയാവുന്ന ഒരാളുടെ സഹായത്തോടെ കുന്‍ജിംഗിനെ ചോദ്യം ചെയ്തു. ചൈനീസ് പൗരന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി' എന്ന് കമാന്‍ഡര്‍ പറഞ്ഞു.

പാകിസ്ഥാനിലേക്കുള്ള യാത്രകള്‍, മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്നത്, സെന്‍സിറ്റീവ് സ്ഥലങ്ങളുടെ വീഡിയോ ചിത്രീകരണം, കണ്ടെടുത്ത മാപ്പ് ഇംഗ്ലീഷിലായിരുന്നിട്ടും ചോദ്യം ചെയ്യലില്‍ ഇംഗ്ലീഷിനെക്കുറിച്ചുള്ള പരിജ്ഞാനക്കുറവ് എന്നിവയുടെ അടിസ്ഥാനത്തില്‍ കുന്‍ജിംഗ് നിരീക്ഷണത്തിലാണെന്നും കമാന്‍ഡര്‍ വ്യക്തമാക്കി.

പിടിയിലായ ചൈനീസ് പൗരനെ പൊലീസിന് കൈമാറിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റുപൈദിഹ പൊലീസ് സ്റ്റേഷനില്‍ വിദേശ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. സുരക്ഷ ഏജന്‍സികളുടെ പ്രാഥമിക അന്വേഷണത്തില്‍ കുന്‍ജിംഗ് നവംബര്‍ 15 ന് ചൈനയില്‍ നിന്ന് നേപ്പാളിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി. നവംബര്‍ 22 ന് നേപ്പാളിലെ ഒരു നഗരമായ നേപ്പാള്‍ഗഞ്ചില്‍ എത്തിയ ശേഷം നവംബര്‍ 24 ന് റുപൈദിഹ അതിര്‍ത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ അറിയാന്‍ കഴിയൂവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.