ഇന്‍ഡിഗോ പ്രതിസന്ധിക്ക് പിന്നാലെ നിരക്ക് കുത്തനെ കൂട്ടി സ്വകാര്യബസുകള്‍

കേരള, കര്‍ണാടക ആര്‍ടിസി ബസുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉടലെടുത്തതോടെ അവസരം മുതലെടുത്താണു ബസുകള്‍ നിരക്കു വര്‍ധിപ്പിക്കുന്നത്.

author-image
Biju
New Update
bus 2

ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കല്‍ പതിവായതും ക്രിസ്മസ്  പുതുവത്സര അവധിയും കണക്കിലെടുത്തു കേരളമുള്‍പ്പെടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയര്‍ത്തി സ്വകാര്യ ബസുകള്‍. 

മിക്ക ട്രെയിനുകളും വെയ്റ്റിങ് ലിസ്റ്റിലായതിനാലും വിമാനങ്ങള്‍ റദ്ദാക്കുന്നതിനാലും അവധിക്കു നാട്ടില്‍ പോകാന്‍ ഒട്ടേറെ മലയാളികള്‍ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. കേരള, കര്‍ണാടക ആര്‍ടിസി ബസുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉടലെടുത്തതോടെ അവസരം മുതലെടുത്താണു ബസുകള്‍ നിരക്കു വര്‍ധിപ്പിക്കുന്നത്. അവധിയോടനുബന്ധിച്ചു ബെംഗളൂരുവില്‍ നിന്നു ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും നിരക്ക് ഉയര്‍ത്തി.

ക്രിസ്മസ് യാത്രാ തിരക്കേറിയ 23നും 24നും കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7,0008,500 രൂപ വരെയാണ്. സാധാരണ ദിവസങ്ങളില്‍ 3,500- 5,000 രൂപയുള്ള സ്ഥാനത്താണ് അവധിയോടനുബന്ധിച്ചുള്ള തിരക്കു കണക്കിലെടുത്തു നിരക്ക് വര്‍ധിപ്പിച്ചത്. 23ന് ആകാശ എയറില്‍ 8,156 രൂപയും ഇന്‍ഡിഗോയില്‍ 7,100 രൂപയും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 8,409 രൂപയുമാണു നിരക്ക്. ഇനിയും രണ്ടാഴ്ചയോളം ബാക്കിയുള്ളതിനാല്‍ നിരക്കു കൂടിയേക്കും.

എറണാകുളത്തേക്ക് ഇന്നും നാളെയുമെല്ലാം 2,000 രൂപ വരെയാണു സ്വകാര്യ ബസില്‍ നിരക്ക്. പതിവ് നിരക്കിനെക്കാള്‍ 200300 രൂപ കൂടുതലാണിത്. അതേസമയം, ക്രിസ്മസ് അവധിയാത്ര തുടങ്ങുന്ന 19നു കൊച്ചിയിലേക്ക് സ്വകാര്യ ബസില്‍ പരമാവധി 6,000 രൂപയാണു നിരക്ക്. കുറഞ്ഞ നിരക്ക് 1,700 രൂപ. അന്നേ ദിവസം എറണാകുളത്തേക്കു സര്‍വീസ് നടത്തുന്ന 122 ബസുകളില്‍ എണ്‍പതോളം ബസുകളിലും 3,000 രൂപയ്ക്കു മുകളിലാണു നിരക്ക്. 

തുടര്‍ന്നു ക്രിസ്മസ് വരെയുള്ള ദിവസങ്ങളിലെല്ലാം പതിവ് നിരക്കിന്റെ ഇരട്ടിയിലധികമാണു മിക്കവരും ഈടാക്കുന്നത്. യാത്രാ ദിവസം അടുക്കുംതോറും നിരക്ക് ഇനിയും വര്‍ധിക്കും. മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലും യാത്രാനിരക്ക് 4,000 രൂപ കടന്നു.