റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു; ദുരൂഹത ഒഴിയുന്നില്ല

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനായി ടി.എ.ജോസഫിനൊപ്പം റോയ് ഓഫിസിലെത്തി. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു

author-image
Biju
New Update
roy 4

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ.റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് സമര്‍പ്പിച്ച പരാതിയിലാണു സംഭവ ദിവസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനായി ടി.എ.ജോസഫിനൊപ്പം റോയ് ഓഫിസിലെത്തി. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പുറത്തേക്കിറങ്ങിയ ജോസഫ് തിരികെ എത്തിയപ്പോള്‍ ക്യാബിനിലേക്ക് കയറാന്‍ സെക്യൂരിറ്റി സമ്മതിച്ചില്ല. ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. 10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. കതക് ഉള്ളില്‍ നിന്നും ലോക്കിട്ട നിലയിലായിരുന്നു. കതക് തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോള്‍ ഷര്‍ട്ടില്‍ നിറയെ ചോരയുമായി കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പള്‍സ് ഇല്ലെന്ന് മെഡിക്കല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചു ബെംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അതേസമയം, റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണു സ്ഥാപനത്തിന്റെ ആവശ്യം. കടുംകൈ ചെയ്യാന്‍ റോയിയെ പ്രേരിപ്പിച്ച തരത്തിലുള്ള സമ്മര്‍ദം ഉണ്ടായിരുന്നോ എന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരതുരമായ ആരോപണങ്ങളാണു റോയിയുടെ കുടുംബം ഉന്നയിച്ചത്. ഐ-ടി ഉദ്യോഗസ്ഥര്‍ ഡിസംബറില്‍ 2 തവണ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. റെയ്ഡുകള്‍ക്കിടെ റോയി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ വീണ്ടും എത്തി. ഡിസംബര്‍ അവസാന വാരം റെയ്ഡിനായി എത്തുമെന്ന് റോയിയെ മുന്‍പ് അറിയിച്ചിരുന്നതായും അദ്ദേഹം അവര്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. റെയ്ഡുകളെ തുടര്‍ന്ന് താന്‍ അനുഭവിച്ചിരുന്ന ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും അദ്ദേഹം പങ്കുവെച്ചിരുന്നതായി റോയിയുമായി അടുത്തവര്‍ തങ്ങളുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു.