/kalakaumudi/media/media_files/2026/02/02/roy-son-2026-02-02-07-54-38.jpg)
ബെംഗളൂരു: ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ണായക തീരുമാനമെടുത്ത് കുടുംബം. റോയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കി സഹോദരന്‍ സി ജെ ബാബുവാണ് രംഗത്തെത്തിയത്.
കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകന്‍ രോഹിത്തും ചേര്‍ന്ന് ഇനി കമ്പനിയെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു വിവരിച്ചു. കര്‍ണാടക പൊലീസ് അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, തന്നെ മൂന്ന് തവണ വിളിച്ചിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
സി ജെ റോയിയുടെ മരണം ഏല്‍പ്പിച്ച ആഘാതം വാക്കുകള്‍ക്ക് അതീതമാണെന്ന് മകന്‍ രോഹിത് പ്രതികരിച്ചിരുന്നു. തന്റെ പിതാവ് വലിയൊരു മനുഷ്യനായിരുന്നുവെന്നും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും രോഹിത് വ്യക്തമാക്കി. അദ്ദേഹത്തിന്റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാന്‍ ആകില്ലെന്നും മകന്‍ വ്യക്തമാക്കി. ആദായനികുതി ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെക്കുറിച്ച് പിതാവ് തന്നോട് നേരിട്ട് ഒന്നും പറഞ്ഞിരുന്നില്ലെന്നും, കുടുംബത്തിന് ഉണ്ടായ ഈ വലിയ നഷ്ടം വിവരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വികാരാധീനനായി കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലെ നേച്ചര്‍ കാസ്‌ക്കേടില്‍ നടന്ന റോയിയുടെ സംസ്‌കാരത്തിന് ശേഷമാണ് മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
