സി ജെ റോയിയുടെ മരണം ;വിശദമായ അന്വേഷണത്തിന് ബംഗളൂരു പൊലീസ്

റോയിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയിരുന്നത്

author-image
Devina
New Update
cj

ബംഗളൂരു: സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടെ (57) സംസ്‌കാരം ഇന്ന്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഒരുമണിവരെ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് അഞ്ചരയോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

മലയാളി വ്യവസായായ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ഐടി ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തെ തുടർന്നാണ് റോയ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെയും കോൺഫിഡന്റ് ഗ്രൂപിന്റെയും ആരോപണം.

റോയിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയിരുന്നത്. ഇക്കാര്യം ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് സ്ഥിരീകരിച്ചു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന നിഗമനത്തിലാണ് കേസെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. ദുബായിൽ ആയിരുന്ന റോയിയെ നോട്ടിസ് നൽകി വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്.

പരിശോധനകൾക്കിടെ രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരു. ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ റോയിയെ ജീവനക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പെടുന്ന ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു.

തോക്ക് അശോക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദായനികുതിയുമായി ബന്ധപ്പെട്ട് അപ്ലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡന്റ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.