/kalakaumudi/media/media_files/F5VOKFCApOCEyAbCkRtr.jpg)
ഇംഫാല്‍: കുക്കി ഗോത്ര മേഖലകളിലേക്ക് ബസ് സര്‍വിസുകള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് ശനിയാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ മണിപ്പൂരില്‍ തുടരുന്നു. കലാപത്തിന് അറുതിവരുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ബസ് സര്‍വിസ് തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ കുക്കി മേഖലയിലേക്ക് കടത്തിവിടാതെ ബസ് തടഞ്ഞതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 30ലധികം പേര്‍ക്കാണ് പരുക്കേറ്റത്. പലയിടത്തും സ്ത്രീകള്‍ക്കും പരുക്കേറ്റതായി കുക്കി സംഘടനകള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ കുക്കി മേഖലകളില്‍ അനിശ്ചിത കാല ബന്ദ് പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ തുടങ്ങിയ ബന്ദില്‍ ഗോത്രമേഖല നിശ്ചലമായി. മെയ്തികള്‍ക്ക് അനുകൂലമായി എടുത്ത സ്വതന്ത്ര തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും സ്വതന്ത്ര ഭരണമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും കുക്കികളുടെ പരമോന്നത സംഘടനയായ കുക്കി ഇന്‍പിയും ഐ.ടി.എല്‍.എഫും വ്യക്തമാക്കി. അനിശ്ചിത കാല ബന്ദ് പ്രഖ്യാപിച്ചതോടെ നാഷണല്‍ ഹൈവെ 2ല്‍ ഗതാഗത നീക്കം നിലച്ചു. ഇതോടെ ചരക്ക് വാഹനങ്ങള്‍ കുടുങ്ങി. നൂറ് കണക്കിന് ചരക്ക് വാഹനങ്ങളിലൂടെയാണ് ഇംഫാല്‍ ഉള്‍പ്പടെയുള്ള മെയ്തി മേഖലകളിലേക്ക് ആവശ്യ സാധനങ്ങള്‍ എത്തുന്നത്.