/kalakaumudi/media/media_files/ngj8gjI6l1X4nfnwbEZo.jpg)
ഹിമാചലിലെ കുളു ജില്ലയില്‍ മേഘവിസ്ഫോടനം. അപകടത്തില്‍ മൂന്ന് വീടുകള്‍ ഒലിച്ച് പോവുകയും രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകരുകയും ചെയ്തു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മണാലിയിലും പുണെയിലും സൂറത്തിലും മിന്നല്‍ പ്രളയം ഉണ്ടായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മണാലി- ലേ ദേശീയ പാത എന്‍എച്ച് 03 അടച്ചു. റോഡുകളിലേക്ക് വ്യാപകമായി വലിയ ഉരുളന്‍ കല്ലുകള്‍ ഒലിച്ചെത്തിയത് ഗതാഗതം തടസപ്പെടാന്‍ കാരണമായി.
ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ സ്പിതിയില്‍ നിന്ന മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ് വഴി തിരിച്ചുവിട്ടതായി പോലീസ് വ്യക്തമാക്കി.മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലിയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. പല്‍ച്ചാനില്‍ രണ്ടുവീടുകള്‍ ഒഴുകിപ്പോയി. പാലവും വൈദ്യുതി സ്റ്റേഷനും ഭാഗികമായി തകര്‍ന്നു. പലയിടത്തും വൈദ്യുതി മുടങ്ങി.
കനത്ത മഴയാണ് പ്രദേശത്ത്.ജൂലൈ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ദുരിതബാധിത പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
അതേ സമയം അടല്‍ ടണലിന്റെ നോര്‍ത്ത് പോര്‍ട്ടല്‍ വഴി ലാഹൗളില്‍ നിന്നും സ്പിതിയില്‍ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി ലാഹൗള്‍, സ്പിതി പൊലീസ് പറഞ്ഞു. അത്യാവശ്യ യാത്രകളൊഴികെ മണാലിയിലേക്കുള്ള എല്ലാ വാഹനങ്ങളും തിരിച്ച് മടങ്ങണമെന്നും നിര്‍ദേശമുണ്ട്. അതേ സമയം ഹിമാചലിന്റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചിട്ടുണ്ട്.