/kalakaumudi/media/media_files/2025/08/15/cm-2025-08-15-13-13-05.jpg)
തിരുവനന്തപുരം: വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞും മതം പറഞ്ഞും 'ഇന്ത്യ എന്ന വികാര'ത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒറ്റമനസ്സായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വര്‍ഷമാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ എട്ടാം പതിറ്റാണ്ടിലേക്ക് നാം മെല്ലെ നീങ്ങുകയാണ്. ഇത് തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍പ്പോലും രാഷ്ട്രീയ ഇച്ഛാശക്തിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ മതിയായ കാലയളവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരുപാടു കാര്യങ്ങളില്‍ മുമ്പോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. പല മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളാകെ അഭിമാനം കൊള്ളാറുണ്ട്. അതു വേണ്ടതാണുതാനും. എന്നാല്‍ ആ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ മറ്റ് തലങ്ങളെക്കുറിച്ചു നാം വിസ്മരിച്ചുകൂടാ. അവയെക്കുറിച്ച് ചിന്തിക്കാന്‍ കൂടി പ്രേരകമാവണം സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങ്.
സമഗ്രവും പൂര്‍ണവും പുരോഗമനോന്മുഖവുമായി രാഷ്ട്രത്തെ മാറ്റുക എന്ന സ്വപ്നം സഫലമായോ? അങ്ങനെ കൂടി ചിന്തിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വരും പതിറ്റാണ്ടുകളെ എങ്ങനെ സമീപിക്കാമെന്ന ആലോചനകള്‍ക്കു തെളിച്ചം കിട്ടുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ചവരുണ്ട്.
ഒരുപാട് വേദനകള്‍ സഹിച്ച് ത്യാഗപൂര്‍വം ജീവച്ഛവങ്ങളായി ജീവിച്ചുമരിച്ചവരുണ്ട്. അവരുടെയൊക്കെ സ്വപ്നങ്ങളില്‍ ഒരു ഇന്ത്യയുണ്ടായിരുന്നു. അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടോ? ദാരിദ്ര്യമില്ലാത്ത, പട്ടിണിമരണമില്ലാത്ത, ബാലവേലയില്ലാത്ത, നിരക്ഷരരില്ലാത്ത, ജാതിവിവേചനമില്ലാത്ത, മതവിദ്വേഷമിലാത്ത, ജീവിതായോധനത്തിനുള്ള ഉപാധികള്‍ നിഷേധിക്കപ്പെടാത്ത, തൊഴിലില്ലായ്മയില്ലാത്ത ഒരു ഇന്ത്യ. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നതാണു സത്യം. അതുകൊണ്ടുതന്നെ അതൊക്കെ യാഥാര്‍ത്ഥ്യമാക്കിയെടുക്കുന്നതിനു പുനരര്‍പ്പണം ചെയ്യുക എന്നുള്ളതാണ് ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നമുക്കു കരണീയമായിട്ടുള്ളത്. ഇവിടെ നമുക്ക് ഒരു മാതൃകയുണ്ട്. അത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി തന്നെയാണ്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വര്‍ണ്ണപ്പൊലിമകളെല്ലാം നഗരങ്ങളില്‍ അതിഗംഭീരമായി നടന്നുകൊണ്ടിരിക്കെ അതിലൊന്നും പങ്കെടുക്കാതെ, നഗരത്തിന്റെ മറുപുറത്തെ ഇരുളടഞ്ഞ ഗലികളിലേക്ക്, ചേരികളിലേക്ക്, അവരിലൊരാളായി കഴിയാന്‍വേണ്ടി നടന്നകന്ന മഹാത്മാഗാന്ധി. ഉപരിതലത്തിലെ ആഘോഷങ്ങളില്‍ മതിമയങ്ങിയാല്‍ ആന്തരതലത്തിലെ നീറ്റലറിയാതെ പോകും എന്ന സന്ദേശമുണ്ട് മഹാത്മജിയുടെ ആ പ്രവൃത്തിയില്‍.
അതിലെ മനുഷ്യസ്നേഹപരവും ദേശാഭിമാനപരവുമായ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഏതൊരാള്‍ക്കും, ഏറ്റെടുക്കാനുള്ള പുതിയ ദൗത്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടമായിക്കൂടിയേ സ്വാതന്ത്ര്യ ദിനാഘോഷത്തെ വരവേല്‍ക്കാനാവൂ. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ഒരു ചെറിയ ഇടവേളയിലൊഴികെ പൊതുവേ ഇക്കാലത്താകെ ഈ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ നമുക്കു കഴിഞ്ഞു എന്നതാണ്.
ഇതൊരു ചെറിയ കാര്യമല്ല. നമ്മുടെ അയല്‍ രാജ്യങ്ങള്‍ പലതും ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് പട്ടാളഭരണത്തിലേക്കു വഴുതിവീഴുന്നതു നാം കണ്ടു. ജനാധിപത്യത്തെ കൈയ്യൊഴിഞ്ഞ് മതാധിപത്യ ഭരണത്തിനുവേണ്ടിയുള്ള മുറവിളികള്‍ അവിടങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും ശക്തമാവുന്നതു നമ്മള്‍ കണ്ടു. സാമ്രാജ്യത്വത്തിന്റെ പാവ ഭരണങ്ങളാല്‍ ജനാധിപത്യ സര്‍ക്കാരുകള്‍ പകരംവെക്കപ്പെടുന്നതും നമ്മള്‍ കണ്ടു. എന്തൊക്കെ പോരായ്മകള്‍ ഏതൊക്കെ തലത്തിലുണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ ഭരണഘടനാ നിര്‍മ്മാതാക്കള്‍ വെച്ച നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിച്ചു കാണാം.
അതിനെ പരിരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിനുനേര്‍ക്ക് പുറമെനിന്നു സാമ്രാജ്യത്വ ഭീഷണി ഉയരുന്ന ഘട്ടത്തില്‍ത്തന്നെ, ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാന്‍ പോരുന്ന വിപല്‍ക്കരമായ ഭീഷണികള്‍ അകമേനിന്നും ഉയരുന്നുണ്ട്. വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞും മതം പറഞ്ഞും 'ഇന്ത്യ എന്ന വികാര'ത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിവരുന്നു. ഇതിനെ എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒറ്റമനസ്സായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണം. ഇതിനുവേണ്ട പ്രതിജ്ഞ എടുക്കേണ്ട സന്ദര്‍ഭം കൂടിയാണിത്.
ഭരണഘടന അതിന്റെ പ്രിയാംബിളില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് ഇന്ത്യന്‍ റിപ്പബ്ലിക്കിനുള്ള ചില വിശേഷണങ്ങള്‍. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്‍പം തുടങ്ങിയ മൂല്യങ്ങളാണവ. അവ ഭരണഘടനാമൂല്യങ്ങളാണ്. നിര്‍ബന്ധമായും നടപ്പാക്കിയെടുക്കാനുള്ളതാണ്; ചര്‍ച്ചയ്ക്കു വിഷയമാക്കാനുള്ളതല്ല. ആ നിലയ്ക്കുള്ള ബോധ്യത്തോടെ ഭരണഘടനാ മൂല്യങ്ങള്‍ക്കായി നമ്മള്‍ നമ്മളെത്തന്നെ പുനരര്‍പ്പിക്കുക എന്നതാണ് സ്വാതന്ത്ര്യദിനത്തില്‍ ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം. പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.