/kalakaumudi/media/media_files/2025/10/23/modi-2025-10-23-16-37-08.jpg)
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. കോണ്‍ഗ്രസ് വന്ദേ മാതരത്തെ ആവര്‍ത്തിച്ച് അധിക്ഷേപിക്കുകയും നിരവധി വിട്ടുവീഴ്ചകളും വെട്ടിത്തിരുത്തലുകളും നടത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ വ്യക്തമാക്കി.
മുസ്ലിം ലീഗിന് മുന്‍പിലുള്ള കോണ്‍ഗ്രസിന്റെ കീഴടങ്ങല്‍ ആയിരുന്നു വന്ദേ മാതരത്തിലെ വെട്ടല്‍ എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. വന്ദേമാതരം മുസ്ലീങ്ങളെ പ്രകോപിപ്പിക്കുമെന്ന് നെഹ്റു വിശ്വസിച്ചിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട്, ജവഹര്‍ലാല്‍ നെഹ്റുവും നേതാജി സുഭാഷ് ചന്ദ്രബോസുമായുള്ള കത്തിടപാടുകളും പ്രധാനമന്ത്രി ലോക് സഭയില്‍ ഉദ്ധരിച്ചു.
''1937 ഒക്ടോബര്‍ 15-ന് ലഖ്നൗവില്‍ വെച്ച് മുഹമ്മദ് അലി ജിന്ന വന്ദേമാതരം മുദ്രാവാക്യത്തെ എതിര്‍ത്തു. അപ്പോള്‍, അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജവഹര്‍ലാല്‍ നെഹ്റു തന്റെ സിംഹാസനം അപകടത്തിലാണെന്ന് മനസ്സിലാക്കി.
മുസ്ലീം ലീഗിന്റെ പ്രസ്താവനകളോട് നെഹ്റു ശക്തമായി പ്രതികരിക്കുകയോ അവയെ അപലപിക്കുകയോ ചെയ്തില്ല, പകരം, അദ്ദേഹം നേരെ വിപരീതമാണ് ചെയ്തത്. ജിന്നയുടെ പ്രതിഷേധത്തിന് വെറും അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ഒക്ടോബര്‍ 20-ന്, വന്ദേമാതരത്തിന്റെ ആനന്ദമഠ പശ്ചാത്തലം മുസ്ലിംകളെ പ്രകോപിപ്പിച്ചേക്കാമെന്ന് പ്രസ്താവിച്ചുകൊണ്ട് നെഹ്റു നേതാജി സുഭാഷ് ചന്ദ്രബോസിന് കത്തെഴുതി,''
''തുടര്‍ന്ന് ഒക്ടോബര്‍ 26 ന് കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. വന്ദേമാതരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു. വന്ദേമാതരം കീറിമുറിച്ചു. ഒരു മുഖംമൂടി അതില്‍ അണിയിച്ചു.
കോണ്‍ഗ്രസ് മുസ്ലീം ലീഗിന് കീഴടങ്ങി എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവര്‍ അങ്ങനെ ചെയ്തത്. കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം പിന്തുടര്‍ന്ന ഒരു മാര്‍ഗമായിരുന്നു ഇത്. ഈ രാഷ്ട്രീയം കാരണം, ഇന്ത്യാ വിഭജനത്തിനായി കോണ്‍ഗ്രസിന് മുസ്ലീം ലീഗിന് മുന്നില്‍ വഴങ്ങേണ്ടിവന്നു,'' എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
