/kalakaumudi/media/media_files/2025/01/14/ZWxT5ngavmqJR1FgWf0w.jpg)
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 16 സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ധരം പാല്‍ ലക്ഡയുടെ പേരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുണ്ട്കയില്‍ നിന്നായിരിക്കും ധരം പാല്‍ ലക്ഡ മത്സരിക്കുക. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് പട്ടേല്‍ നഗറില്‍ മത്സരിക്കും. അതേസമയം ഗോകല്‍പൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മാറ്റി. പ്രമോദ് ജയന്തിനെയാണ് മാറ്റിയത്. നിലവില്‍ ഈശ്വര്‍ ബഗ്രിയാണ് ഗോകല്‍പൂരിലെ സ്ഥാനാര്‍ത്ഥി.
ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. പത്രികകളുടെ സൂക്ഷപരിശോധന ജനുവരി 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. ഉത്തര്‍പ്രദേശിലെ മില്‍ക്കിപ്പൂര്‍, തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി 5ന് നടക്കും.
ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62ലും എഎപിക്കായിരുന്നു വിജയം. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വെവ്വേറെയാണ് മത്സരിക്കുന്നത്.