അമിത് ഷായുടെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസ് നല്‍കി

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നതിന് മുമ്പ് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന അമിത് ഷായുടെ അവകാശവാദത്തിനെതിരെയാണ് നോട്ടീസ്.

author-image
Prana
New Update
amit shah
Listen to this article
0.75x1x1.5x
00:00/ 00:00

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് എതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി ജയറാം രമേശാണ് അമിത്ഷാക്ക് എതിരെ പ്രിവിലേജ് നോട്ടീസ് നല്‍കിയത്.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നതിന് മുമ്പ് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന അമിത് ഷായുടെ അവകാശവാദത്തിനെതിരെയാണ് നോട്ടീസ്. ജൂലൈ 31 ബുധനാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ്, ജൂലൈ 23 ന് കേരള സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയെന്നും എന്നാല്‍ സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ പാലിച്ചില്ലെന്നും അമിത് ഷാ അവകാശപ്പെട്ടത്.
എന്നാല്‍ അമിത്ഷായുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതായി വ്യക്തമാക്കിയ ജയറാം രമേശ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും നോട്ടീസില്‍ വ്യക്തമാക്കി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് അവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 300-ലധികം ആളുകളാണ് മരിച്ചത്. തകര്‍ന്ന കെട്ടിടങ്ങളിലും അവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

congress amit shah Wayanad landslide