കോണ്‍ഗ്രസ് യോഗത്തിലേക്ക് എത്തുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും
ന്യൂഡല്‍ഹി: സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. ഓഗസ്റ്റ് 22-ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സെബി മേധാവി മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന് പങ്കാളിത്തമുള്ള വിദേശകമ്പനികളില്‍ രഹസ്യനിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍.ആരോപണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും സെബി മേധാവിയെ പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമാണ് സമരപ്രഖ്യാപനം നടത്തിയത്. രാജ്യത്തെ എല്ലാ ഇ.ഡി. ഓഫീസുകളിലേക്കും മാര്‍ച്ച് അടക്കം നടത്തിയാകും കോണ്‍ഗ്രസിന്റെ പ്രതിഷേധം. സെബി-അദാനി അഴിമതി ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കാള്‍ക്ക് പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കട്ടെയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.