കോണ്‍ഗ്രസിന് പുതിയ ആസ്ഥാന മന്ദിരം; സോണിയ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. 2009 ല്‍ 125-ാം വാര്‍ഷിക ആഘോഷവേളയില്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിതന്നെയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. ഇന്ന് ഉദ്ഘാടനവും നിര്‍വഹിച്ചു. രണ്ടേക്കര്‍ സ്ഥലത്ത് 6 നിലകളിലായാണ് മന്ദിരം പൂര്‍ത്തിയായത്. ഇന്ദിരാഭവനെന്നു പേരിട്ട ഓഫിസിന്റെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബര്‍ 28നു പാര്‍ട്ടിയുടെ ജന്മദിനത്തില്‍ ആലോചിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണം മൂലം മാറ്റിവയ്ക്കുകയായിരുന്നു. മകരസംക്രാന്തിയോട് അടുത്ത ശുഭദിനത്തിലാണ് ഓഫിസ് മാറ്റം. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ഇത് ആറാമത്തെ ഓഫിസാണ്. ബിജെപിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന ദീന്‍ദയാല്‍ ഉപാധ്യായ റോഡിനോടു ചേര്‍ന്നാണ് കെട്ടിടമെങ്കിലും കോട്ല റോഡിലെ 9ാം നമ്പറായിരിക്കും ഇന്ദിരാഭവന്റെ വിലാസം. ഇതിനായി പ്രധാന കവാടം കോട്ല റോഡിലേക്ക് മാറ്റി. 1991 ല്‍ എഐസിസിയുടെ അനുബന്ധ ഓഫിസും മറ്റും പ്രവര്‍ത്തിച്ച റെയ്സിന റോഡ് 3 ലെ ഓഫിസ് കവാടവും കോണ്‍ഗ്രസ് ഇതുപോലെ മാറ്റിയിരുന്നു. റെയ്സിന റോഡില്‍ നിന്ന് വാതില്‍ ഡോ. രാജേന്ദ്ര പ്രസാദ് റോഡിലേക്കു മാറ്റി. റെയ്സിന റോഡില്‍ എതിര്‍വശത്ത് എ.ബി. വാജ്പേയിയുടെ വീടായിരുന്നു. ഈ മന്ദിരം രാജീവ് ഗാന്ധി വധത്തിനു ശേഷം അദ്ദേഹത്തിന്റെ പേരില്‍ ഫൗണ്ടേഷനാക്കി. സിപിഐയുടെ ആസ്ഥാനമായ അജോയ് ഭവനും കോട്ല റോഡിലാണ്. ആംആദ്മി പാര്‍ട്ടി, ഡിഎംകെ തുടങ്ങിയവയുടെ ഓഫിസുകളും അടുത്ത റോഡിലുണ്ട്. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റു 1930 ല്‍ അലഹാബാദില്‍ താമസത്തിനായി ആനന്ദഭവന്‍ നിര്‍മിച്ചതോടെ നേരത്തേ താമസിച്ചിരുന്ന സമീപത്തെ സ്വരാജ് ഭവന്‍ പാര്‍ട്ടിക്കു നല്‍കി. ഇതായിരുന്നു പാര്‍ട്ടിയുടെ ആദ്യ ആസ്ഥാന മന്ദിരം. 1969ല്‍ ആനന്ദഭവന്‍ ഇന്ദിരാ ഗാന്ധി രാജ്യത്തിനു സമര്‍പ്പിച്ചു. സ്വാതന്ത്ര്യലബ്ധിയോടെയാണ് പാര്‍ട്ടി ഡല്‍ഹിയിലേക്ക് ഓഫിസ് മാറ്റിയത്. ജന്തര്‍ മന്തര്‍ റോഡിലെ ഏഴാം നമ്പര്‍ ബംഗ്ലാവിലേക്കായിരുന്നു ആ മാറ്റം. അക്കാലത്ത് ഓഫിസ് മാറ്റത്തിനായി കോണ്‍ഗ്രസിന് 7 ലക്ഷം രൂപയിലേറെ ചെലവു വന്നുവെന്നാണ് കണക്ക്. 1969ല്‍ പാര്‍ട്ടി പിളര്‍ന്ന ഘട്ടത്തില്‍ ഇന്ദിര അനുകൂലികള്‍ അവകാശവാദം ഉന്നയിച്ചെങ്കിലും എസ്. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള സംഘടനാ കോണ്‍ഗ്രസ് ജന്തര്‍ മന്തര്‍ ഓഫിസ് നിലനിര്‍ത്തി. അവര്‍ ജനതാ പാര്‍ട്ടിയില്‍ ലയിച്ചതോടെ ആ ഓഫിസ് ജനതാ പാര്‍ട്ടി ആസ്ഥാനമായി. ജെഡിയു ഓഫിസ് ഇപ്പോഴും അതിലുണ്ട്. പിളര്‍പ്പോടെ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിന്‍സര്‍ പാലസിലെ 21ാം നമ്പര്‍ ബംഗ്ലാവിലേക്കു മാറി. പിന്നീട് രാജേന്ദ്ര പ്രസാദ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവായിരുന്നു ഏറെക്കാലം കോണ്‍ഗ്രസ് ആസ്ഥാനം. ഇന്ദിരാ സര്‍ക്കാരില്‍ നിന്നു രാജിവയ്ക്കും വരെ മൊറാര്‍ജി ദേശായി താമസിച്ച ബംഗ്ലാവായിരുന്നു അത്. 1971ല്‍ ഇന്ദിരയുടെ ഐതിഹാസിക ജയവും അടിയന്തരാവസ്ഥയുമെല്ലാം പാര്‍ട്ടി ഈ ഓഫിസിലായിരിക്കെയായിരുന്നു. വീണ്ടും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായ 1978ല്‍ ഇതുപോലൊരു ജനുവരിയിലാണ് ഇന്ദിരയും സംഘവും അക്ബര്‍ റോഡിലെ 24ാം നമ്പര്‍ ബംഗ്ലാവിലേക്ക് മാറിയത്. ഈ ഓഫിസിലായിരിക്കെ, പലകുറി തിരിച്ചുവരവുകളും തളര്‍ച്ചയും താണ്ടിയ പാര്‍ട്ടിയുടെ 46 വര്‍ഷങ്ങള്‍ നാളെ ചരിത്രത്തിന്റെ ഭാഗമാകും.