മെഹുല്‍ ചോക്‌സിയുടെ 46 കോടി രൂപയുടെ സ്വത്തുക്കള്‍ ലേലത്തിന്; അനുമതി നല്‍കി കോടതി

ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ 46 കോടിയോളം രൂപ വിലമതിക്കുന്ന 13 അണ്‍സെക്യൂര്‍ഡ് സ്വത്തുക്കളാണ് ലേലത്തിന് വെക്കുന്നത്

author-image
Biju
New Update
mehul

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് കേസില്‍ പ്രതിയായ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയുമായി ബന്ധപ്പെട്ട സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കി. ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ 46 കോടിയോളം രൂപ വിലമതിക്കുന്ന 13 അണ്‍സെക്യൂര്‍ഡ് സ്വത്തുക്കളാണ് ലേലത്തിന് വെക്കുന്നത്.

മുംബൈയിലെ ബോറിവ്ലി ഈസ്റ്റിലുള്ള 2.55 കോടി രൂപ വീതം വിലമതിക്കുന്ന നാല് റെസിഡന്‍ഷ്യല്‍ ഫ്ലാറ്റുകള്‍.

ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ ഭാരത് ഡയമണ്ട് ബൂര്‍സിലുള്ള ഓഫീസ് കെട്ടിടം.

രത്നക്കല്ലുകളും സില്‍വര്‍ ബാറുകളും.

ഗോരേഗാവ് ഈസ്റ്റിലെ വിര്‍വാണി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുള്ള നാല് വ്യാവസായിക യൂണിറ്റുകള്‍.

കമ്പനിയുടെ ലിക്വിഡേറ്റര്‍മാര്‍ നല്‍കിയ അപേക്ഷയിലാണ് സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്താനും ലേലം ചെയ്യാനും കോടതി അനുമതി നല്‍കിയത്. ലേലത്തിലൂടെ ലഭിക്കുന്ന തുക, ചെലവുകള്‍ കുറച്ചതിനുശേഷം കോടതിയുടെ പേരില്‍ ഐസിഐസിഐ ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്ത് സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് തീര്‍പ്പാക്കിയ ശേഷം ഈ തുക പഞ്ചാബ് നാഷണല്‍ ബാങ്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയ സ്വത്തുക്കളാണിത്.

പിഎന്‍ബി തട്ടിപ്പ് കേസില്‍ 14,000 കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മുഖ്യപ്രതികളാണ് മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും. 2018-ല്‍ തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഇരുവരും രാജ്യം വിടുകയായിരുന്നു.