ഹരിയാനയില്‍ പശുക്കളെ സംരക്ഷിക്കാന്‍ വ്യക്തികള്‍ക്ക് പൊലീസ് അധികാരം

ഈ നിയമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അല്ലെങ്കില്‍ ഇതിനായി അധികാരപ്പെടുത്തിയ ഏതൊരു വ്യക്തിക്കും വാഹനങ്ങളിലോ പരിസരങ്ങളിലോ പ്രവേശിക്കാനും പരിശോധിക്കാനും കന്നുകാലികളെ പിടിച്ചെടുക്കാനും നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാനും അധികാരം നല്‍കുന്നു

author-image
Biju
New Update
cow

ചണ്ഡിഗ്രാഹ്: ഹരിയാന ഗോവംശ് സംരക്ഷണ്‍, ഗോസംവര്‍ധന്‍ നിയമത്തിലെ ചില വകുപ്പുകള്‍ വ്യക്തികള്‍ക്ക് പൊലീസ് അധികാരം പ്രയോഗിക്കാന്‍ അനുവാദം നല്‍കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹരിയാന സര്‍ക്കാരിന് നോട്ടീസ് അയച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഗോവംശ് സംരക്ഷണ്‍, ഗോസംവര്‍ധന്‍ നിയമത്തിലെ രണ്ട് വകുപ്പുകള്‍ ചോദ്യം ചെയ്ത് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ (NFIW) ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. 

ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ വന്ന ഹര്‍ജിയില്‍ മേല്‍പ്പറയുന്ന നിയമത്തിലെ 16, 17 വകുപ്പുകളാണ് ചോദ്യം ചെയ്യുന്നത്. ഈ നിയമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അല്ലെങ്കില്‍ ഇതിനായി അധികാരപ്പെടുത്തിയ ഏതൊരു വ്യക്തിക്കും വാഹനങ്ങളിലോ പരിസരങ്ങളിലോ പ്രവേശിക്കാനും  പരിശോധിക്കാനും കന്നുകാലികളെ പിടിച്ചെടുക്കാനും നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാനും അധികാരം നല്‍കുന്നു. 

'അധികാരപ്പെടുത്തിയ ഏതൊരാള്‍ക്കും' അധികാരം കൈമാറുന്നത് ദുരൂപയോഗപ്പെടുന്നു എന്നതാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.  സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയമത്തിലൂടെ തിരച്ചില്‍ നടത്താനും പിടിച്ചെടുക്കാനും അധികാരം ലഭിക്കുന്നു. 'സംസ്ഥാനത്തുടനീളം 'സന്നദ്ധപ്രവര്‍ത്തകരെന്ന്' വിളിക്കപ്പെടുന്നവര്‍ സെക്ഷന്‍ 16, 17ന്റെ മറവില്‍ വാഹനങ്ങള്‍ തടയുകയും പരിശോധന നടത്തുകയും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുകയാണ്,' ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടിയില്‍  വാദിച്ചു.

തിരച്ചില്‍ നടത്തുക, പിടിച്ചെടുക്കുക എന്നീ അധികാരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ കഴിയാത്ത 'പരമാധികാര ചുമതലകള്‍' ആണെന്ന സുപ്രീം കോടതിയുടെയും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെയും വിധികള്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. 

'ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ സ്വകാര്യ വ്യക്തികളെ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ക്രിമിനല്‍ നടപടി നിയമസംഹിതയില്‍ (CrPC) ഇല്ല. ഈ അധികാരങ്ങള്‍ പൊലീസിലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ് നിയമം വ്യക്തമാക്കുന്നത്. ഹരിയാന നിയമത്തിലെ വിവാദമായ 16, 17 വകുപ്പുകള്‍ റദ്ദാക്കുകയോ അല്ലെങ്കില്‍ നടപ്പാക്കലിനായി സ്വകാര്യ വ്യക്തികളെ അധികാരപ്പെടുത്തുന്നത് നിര്‍ത്തലാക്കുകയോ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.