/kalakaumudi/media/media_files/2025/09/09/upa-2025-09-09-19-48-24.jpg)
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ 452 വോട്ട് നേടി; പ്രതിപക്ഷ സ്ഥാനാര്‍ഥിയായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.
തമിഴ്‌നാട്ടില്‍ നിന്നുള്ള തലമുതിര്‍ന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണന്‍ ആര്‍എസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ബിജെപി തമിഴ്‌നാട് ഘടകം മുന്‍ പ്രസിഡന്റാണ്.
തിരുപ്പൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ കോയമ്പത്തൂരില്‍നിന്ന് രണ്ടു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതല്‍ രണ്ടു വര്‍ഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനാണ്. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണന്‍ മഹാരാഷ്ട്ര ഗവര്‍ണറായത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിപദം രാജിവച്ചത്.