ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറി

കഴിഞ്ഞ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദളിത് നേതാവാണ് രാജ. സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വെച്ചാണ് രാജ പൊതുരംഗത്ത് സജീവമായത്.

author-image
Biju
New Update
d raja

ചണ്ഡീഗഡ്: ഡി രാജയെ സിപിഐ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2019 ല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സുധാകര്‍ റെഡ്ഢി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ഡി രാജയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 

കഴിഞ്ഞ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലപ്പത്തെത്തിയ ആദ്യ ദളിത് നേതാവാണ് രാജ. സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വെച്ചാണ് രാജ പൊതുരംഗത്ത് സജീവമായത്. 

തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിത്തത്തൂര്‍ ഗ്രാമത്തില്‍ ആയിരുന്നു രാജയുടെ ജനനം. അച്ഛന്‍ പി ദൊരൈസാമിയും അമ്മ നായഗവും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളായിരുന്നു. 1949ല്‍ ജനിച്ച ഡി രാജയുടെ മുഴുവന്‍ പേര് ദുരൈസ്വാമി രാജ എന്നാണ്. 

ചിത്താത്തൂര്‍ പാലാര്‍ നദിക്കരയിലെ മാലിന്യ കൂനക്ക് സമീപമുള്ള കുടിലില്‍ നിന്നാണ് രാജയെന്ന നേതാവ് ദേശീയ രാഷ്ട്രീയത്തിലെത്തിയത്. പുറമ്പോക്കിലെ പ്ലാസ്റ്റിക്ക് ഷീറ്റുകളും തകരവും കൊണ്ടുണ്ടാക്കിയ കുടിലില്‍ നിന്ന് രാജ, ജീവിത ദുരിതങ്ങളോടും പ്രദേശത്ത് നിലനിന്നിരുന്ന കാട്ടുനീതികളോടും പോരാടിയാണ് മുന്നേറിയത്. ഗുഡിയാട്ടത്തിലെ ജിടിഎം കോളജില്‍ നിന്ന് ബിഎസ്സി ബിരുദവും വെല്ലൂരിലെ ഗവണ്‍മെന്റ് ടീച്ചേഴ്സ് കോളജില്‍ നിന്ന് ബിഎഡും പൂര്‍ത്തിയാക്കി. 

കോളജ്പഠനകാലത്ത് എഐഎസ്എഫില്‍ അംഗമായ രാജ 1975 മുതല്‍ 1980 എഐവൈഎഫിന്റെ തമിഴ്നാട്‌സംസ്ഥാന സെക്രട്ടറിയായി. 1985 മുതല്‍ 1990 എഐവൈഎഫ് ദേശിയ ജനറല്‍
സെക്രട്ടറിയായിരുന്നു. അക്കാലത്ത് സിപിഐ ദേശിയ കൗണ്‍സില്‍ അംഗവുമായി. 1994 മുതല്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ അംഗമായി. 

2007ലും 2013 രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ ആനി രാജയാണ് ഭാര്യ. മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തക അപരാജിത ഏക മകളാണ്.


125 അംഗ ദേശീയ കൗണ്‍സിലില്‍ 12 പേര്‍ കേരളത്തില്‍ നിന്ന്

125 അംഗ ദേശീയ കൗണ്‍സിലിനെ സിപിഐ 25-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്  തിരഞ്ഞെടുത്തു. 11 അംഗ കണ്ട്രോള്‍ കമ്മീഷനെയും 11 അംഗ സെക്രട്ടേറിയറ്റിനെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍നിന്ന് 12 പേരാണ് ദേശീയ കൗണ്‍സിലിലുള്ളത്. 

31 അംഗ കേന്ദ്ര എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ബിനോയി വിശ്വം, കെപി രാജേന്ദ്രന്‍, പി പി സുനീര്‍, കെ രാജന്‍, പി പ്രസാദ്, ചിഞ്ചുറാണി, ചിറ്റയം ഗോപകുമാര്‍, ജി ആര്‍ അനില്‍, രാജാജി മാത്യു, പി വസന്തം, ഗോവിന്ദന്‍ വള്ളിക്കാപ്പില്‍, ടി ജെ ആഞ്ചലോസ്,  ടി ടി ജിസ്മോന്‍ (കാന്‍ഡിഡേറ്റ് അംഗം )  എന്നിവരെയാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.

CPI