സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

റാലി നടക്കുന്ന പഞ്ചാബ് മണ്ഡി ബോര്‍ഡിന്റെ പരിസരങ്ങളിലും കിസാന്‍ ഭവനിലും ചെങ്കൊടികള്‍ നിരന്നു. വിപ്ലവത്തിന്റെയും സമര വീര്യത്തിന്റെയും മുഷ്ടികള്‍ നെഞ്ചോട് ചേര്‍ത്താണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പ്രതിനിധികള്‍ എത്തിയിരിക്കുന്നത്.

author-image
Biju
New Update
CPI CONGRES

ചണ്ഡീഗഢ്: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം. പതിനായിരങ്ങള്‍ അണി ചേരുന്ന റാലിയും ഒപ്പം നടക്കുന്ന പൊതു സമ്മേളനത്തോടെയും മൊഹാലിയില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാകും. 

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ചണ്ഡീഗഢില്‍ വീണ്ടും എത്തിയ പാര്‍ട്ടി കോണ്‍ഗ്രസിനെ ആവേശത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും ഏറ്റെടുത്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളന നഗരിയായ ചണ്ഡീഗഢിലെ കിസാന്‍ ഭവനില്‍ ഇതിനോടകം എത്തിച്ചേര്‍ന്നു. 

റാലി നടക്കുന്ന പഞ്ചാബ് മണ്ഡി ബോര്‍ഡിന്റെ പരിസരങ്ങളിലും കിസാന്‍ ഭവനിലും ചെങ്കൊടികള്‍ നിരന്നു. വിപ്ലവത്തിന്റെയും സമര വീര്യത്തിന്റെയും മുഷ്ടികള്‍ നെഞ്ചോട് ചേര്‍ത്താണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പ്രതിനിധികള്‍ എത്തിയിരിക്കുന്നത്.

പൊതു സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജിത് കൗര്‍, പല്ലബ്‌സെന്‍ ഗുപ്ത, ഡോ. ബാലകൃഷ്ണ കാംഗോ, കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ബിനോയ് വിശ്വം, ആനി രാജ തുടങ്ങിയ നേതാക്കള്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാര്‍ അധ്യക്ഷനാകും. രാവിലെ 11 നാണ് റാലിക്കു തുടക്കമാകുക. നാളെ രാവിലെ സുധാകര്‍ റെഡ്ഡി നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.

ഡി രാജ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ(എംഎല്‍ ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍എസ് പി നേതാവ് മനോജ് ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ എന്നിവര്‍ അഭിവാദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് കരട് രാഷ്ട്രീയ പ്രമേയം, സംഘടനാ റിപ്പോര്‍ട്ട്, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. തുടര്‍ന്ന് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടക്കും.

CPI