/kalakaumudi/media/media_files/2025/04/07/EEfsuWxRnG8eT3oP3D8u.jpg)
മധുര: മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. പാര്‍ട്ടി നേതാവിന്റെ മകള്‍ ആയതു കൊണ്ട് ഉണ്ടായ കേസാണ്. അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറിയായതിന് ശേഷം ആദ്യമായാണ് വീണ വിജയന്റെ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.
വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാടാണെന്നും ബേബി പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് ശക്തമായ നീക്കം നടത്തുകയാണ്. പല സമരങ്ങളും ഇത്തരം സ്വഭാവമുള്ളതാണ്. മുനമ്പത്തെ സമരവും ക്രൈസ്തവ സഭകളുടെ നീക്കവും ഈ പശ്ചാത്തലത്തിലാണ്. ആശമാരുടെ സമരവും സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ളതാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ സമരം തിരിച്ചു വിട്ടത് ദു:ഖകരമാണ്. ബിഷപ്പുമാര്‍ ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
പൃഥിരാജിനും മോഹന്‍ലാലിനും ഗോകുലം ഗോപാലനും എതിരെ ഇഡി നീങ്ങുന്നത് ഭയപ്പെടുത്താന്‍ വേണ്ടിയാണ്. എകെജിക്കും ഇഎംഎസിനും ശേഷം സംഘടനയിലെ ഏറ്റവും കരുത്തനായ നേതാവാണ് പിണറായി. ഇത്രയും ജനപ്രീതിയുള്ള നേതാവ് ഇന്ന് കേരളത്തിലില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി തന്നെയാണ് എല്‍ഡിഎഫിനെ നയിക്കേണ്ടത്. വേറൊരു നേതാവിനെ ഇപ്പോള്‍ കാണിക്കാനുണ്ടോ. പിബിയില്‍ ഭിന്നതയില്ല, അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമെന്നും ബേബി പറയുന്നു.