/kalakaumudi/media/media_files/2025/10/09/d-c-2025-10-09-21-38-07.jpg)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരെന്നു വിവരം. പരാതിയില്‍ മുംബൈ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ദില്‍ഷാദ് നൗഷാദ്, മുഹമ്മദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ റിങ്കു സിങ്ങിന് മൂന്നു ഭീഷണി സന്ദേശങ്ങളാണു ലഭിച്ചത്. പ്രതികളിലൊരാള്‍ ഡി കമ്പനി അംഗമാണെന്നു പരിചയപ്പെടുത്തിയാണ് റിങ്കു സിങ്ങിന്റെ ഇവന്റ് മാനേജരെ ആദ്യം ഭീഷണിപ്പെടുത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണ് മുഹമ്മദ് ദില്‍ഷാദ് നൗഷാദ്.
ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റിങ്കു സിങ്ങിന് ഫൈനല്‍ മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഫോറടിച്ച് റിങ്കു കളി ജയിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും റിങ്കു ഇടം നേടി. ഒക്ടോബര്‍ 29ന് കാന്‍ബറയിലാണ് പരമ്പരയിലെ ആദ്യ മത്സരം.