/kalakaumudi/media/media_files/2026/01/30/cj-roy-confident-group-kalakaumudi-2026-01-30-18-16-24.jpg)
ബെംഗളൂരു: റിയൽ എസ്റ്റേറ്റ് ഭീമനായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയി ജീവനൊടുക്കിയെന്ന അപ്രതീക്ഷിത വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിസിനസ് ലോകത്ത് വിപ്ലവകരമായ വളര്‍ച്ചയായിരുന്നു സിജെ റോയിയുടേത്. പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകൾ സ്പോൺസര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകൾ നിര്‍മിക്കുകയും ചെയ്ത സിജെ റോയ് കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്പോൺസര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കേരളമെങ്ങും അറിയുന്ന വലിയ പേരായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പും സിജെ റോയിയും.ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉദയം വെറും ഒരു ബിസിനസ് വിജയമല്ല, മറിച്ച് ദീർഘവീക്ഷണത്തിന്റെയും അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും കഥ കൂടി ആയിരുന്നു. ബെംഗളൂരുവിൽ ജനിച്ച് വളർന്ന്, വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കി, ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ. റോയ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്.
2006-ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ കരുത്താണ്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.ബെംഗളൂരുവിലെ സർജാപൂർ ഒരു ഐടി ഹബ്ബാകുമെന്ന് 15 വർഷം മുൻപേ പ്രവചിച്ച അദ്ദേഹം, അവിടെ വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി. ദുബായ് വിപണിയിൽ വായ്പകൾക്കും ഡൗൺ പേയ്‌മെന്റുകൾക്കും പുതിയ മാതൃകകൾ അവതരിപ്പിച്ച് റെക്കോർഡ് വിൽപ്പന നടത്തി അദ്ദേഹം വിസ്മയിപ്പിച്ചു. 300 ഏക്കറോളം വരുന്ന ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്.തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു. ബിസിനസ് തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും തന്റെ ഹോബിയായ ആഡംബര കാർ ശേഖരണത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരു പിതാവ് എന്ന നിലയിൽ, സി.ജെ. റോയി തന്റെ മക്കൾക്ക് നൽകിയ ഏറ്റവും വലിയ പാഠം 'സ്വഭാവവും മനോഭാവവുമാണ് ഒരു വ്യക്തിയുടെ മൂല്യം നിർണ്ണയിക്കുന്നത്' എന്നതാണ്. ബിസിനസ്സിലെ പരാജയങ്ങളെ ആഘോഷമാക്കാനും അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഏതൊരു സംരംഭകനും മാതൃകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
