മരങ്ങള്‍ വെട്ടി: ടോക്‌സിക് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ കേസ്

ചിത്രീകരണത്തിന് കര്‍ണാടക വനഭൂമിയില്‍നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ടോക്‌സികിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക വനംവകുപ്പ്

author-image
Prana
New Update
toxic movie

ചിത്രീകരണത്തിന് കര്‍ണാടക വനഭൂമിയില്‍നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ടോക്‌സികിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക വനംവകുപ്പ്. നിര്‍മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്.
നിര്‍മാതാക്കളായ കെ.വി.എന്‍. മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്.എം.ടി. ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ 1963ലെ കര്‍ണാടക വനംവകുപ്പ് നിയമം പ്രകാരമാണ് കേസെടുത്തത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ സ്ഥലത്ത് പരിശോധന നടത്തിയതിനു പിന്നാലെയാണ് വിഷയം വലിയ വിവാദമായത്.
സിനിമാ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഈശ്വര്‍ ഖന്‍ഡ്രെ അന്ന് ആരോപിച്ചു. പ്രദേശത്തെ ഉപഗ്രഹചിത്രങ്ങള്‍ ഇത് തെളിയിക്കുന്നതായും ചൂണ്ടിക്കാട്ടി. പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങള്‍ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എം.ടി.യും സംസ്ഥാന വനംവകുപ്പും തമ്മില്‍ പീനിയയിലെ 599 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കത്തിലാണ് യഷ് സിനിമാസംഘം പെട്ടിരിക്കുന്നത്.  എച്ച്.എം.ടി. പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കം ഉടലെടുത്തത്.
വനംവകുപ്പിന്റെ റിസര്‍വ് വനമാണിതെന്നും 1960ല്‍ നിയമവിരുദ്ധമായി എച്ച്.എം.ടി.ക്ക് കൈമാറുകയായിരുന്നെന്നും ഈശ്വര്‍ ഖന്‍ഡ്രെ പറഞ്ഞു. ഭൂമി എച്ച്.എം.ടി. ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ചു. എന്നാല്‍, സ്വകാര്യസ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും നിയമലംഘനമില്ലെന്നുമായിരുന്നു സിനിമാ നിര്‍മാതാക്കളുടെ അവകാശവാദം.

 

film case shooting toxic movie producers