ന്യൂഡൽഹി : ഇന്ത്യ–പാക്ക് സംഘർഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ രാജ്യത്തെ അറിയിക്കുന്നതിനു മുന്നിൽനിന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം. ഇതോടെ മിസ്രി സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു.
വെടിനിർത്തൽ തീരുമാനം ഉൾപ്പെടെ മാധ്യമങ്ങളോടു വിശദീകരിച്ച മിസ്രിയെ, ഈ തീരുമാനങ്ങൾ കൈക്കൊണ്ടയാളെന്ന നിലയിലാണ് ഒരു വിഭാഗം വിമർശിക്കുന്നത്. വെടിനിർത്തൽ പ്രാബല്യത്തിലായ ശേഷം പാക്കിസ്ഥാൻ ഇതു ലംഘിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾക്കു പിന്നാലെയായിരുന്നു അധിക്ഷേപം. വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ പദപ്രയോഗങ്ങളാണ് മിസ്രിക്കും കുടുംബത്തിനുമെതിരെ അഴിച്ചുവിടുന്നത്. മകളുടെ പൗരത്വവും അഭിഭാഷകയെന്ന നിലയിൽ റോഹിൻഗ്യകൾക്കു വേണ്ടിയുള്ള ഇടപെടലുകളും ആരോപണത്തിന് ആയുധമാക്കി.
സത്യസന്ധമായി രാജ്യത്തിനായി അധ്വാനിക്കുന്ന മാന്യനാണു മിസ്രിയെന്നും നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന് ഉദ്യോഗസ്ഥനെ പഴിക്കരുതെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. 1989 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ മിസ്രി പ്രധാനമന്ത്രിമാരായ ഐ.കെ.ഗുജ്‍റാൾ, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ഉടൻ തിരിച്ചുവരരുത്
ശ്രീനഗർ ∙ പാക്ക് ആക്രമണത്തിൽ പൊട്ടാതെ അവശേഷിക്കുന്ന ഷെല്ലുകൾ നീക്കം ചെയ്തിട്ടില്ലാത്തതിനാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ഉടൻ തിരിച്ചു വരരുതെന്ന് ജമ്മു കശ്മീർ അധികൃതർ. ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണു നിർദേശം. ബാരാമുള്ള, ബന്ദിപ്പുര, കുപ്‌വാര ജില്ലകളിൽ 1.25 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.
ഉന്നതതല ചർച്ച നടത്തി നരേന്ദ്ര മോദി
ഇന്നു പാക്കിസ്ഥാനുമായി സൈനിക തലത്തിൽ ഹോട്ട്‌ലൈൻ ചർച്ച നടക്കാനിരിക്കെ ഇന്നലെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ചർച്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്നു സേനകളുടെയും മേധാവിമാർ എന്നിവർ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ യോഗത്തിനെത്തി.