79,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി നല്‍കി കേന്ദ്രം

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ആണ് പുതിയ ആയുധ സംഭരണങ്ങള്‍ക്കായി അനുമതി നല്‍കിയത്.

author-image
Biju
New Update
pradirodham

ന്യൂഡല്‍ഹി : ഇന്ത്യന്‍ സേനകള്‍ക്കായി വന്‍ പ്രതിരോധ സംഭരണത്തിന് അനുമതി നല്‍കി ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍. കര, നാവിക, വ്യോമ സേനകളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ പ്രതിരോധ വാങ്ങലുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ആളില്ലാ വ്യോമ ഭീഷണിയെ നേരിടുന്നതിനായി ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍ ആന്‍ഡ് ഇന്റര്‍ഡിക്ഷന്‍ സിസ്റ്റം (IDDIS) Mk-II ഉള്‍പ്പടെ വാങ്ങുന്നതിനാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ആണ് പുതിയ ആയുധ സംഭരണങ്ങള്‍ക്കായി അനുമതി നല്‍കിയത്. ആധുനിക യുദ്ധസാഹചര്യങ്ങളില്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ക്കെതിരെ കൃത്യതയുള്ള പ്രഹരശേഷി വര്‍ദ്ധിപ്പിക്കുന്ന ലോയിറ്റര്‍ മ്യൂണിഷന്‍ സിസ്റ്റങ്ങളും പുതിയ ആയുധ സംഭരണത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, പിനാക സിസ്റ്റത്തിനായുള്ള ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് വെടിമരുന്ന്, നവീകരിച്ച ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍ ആന്‍ഡ് ഇന്റര്‍ഡിക്ഷന്‍ സിസ്റ്റം എംകെ II എന്നിവയും വാങ്ങുന്നതാണ്.

ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍ ചെറുതും താഴ്ന്നു പറക്കുന്നതുമായ ഡ്രോണുകളുടെ കണ്ടെത്തല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ കൗണ്‍സില്‍ സൂചിപ്പിച്ചു. നിലവില്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ നേരിടുന്ന ഒരു പ്രധാന ഭീഷണിയായ ഡ്രോണുകളെ നേരിടാന്‍ ഈ റഡാറുകള്‍ക്ക് കഴിയും. ബൊള്ളാര്‍ഡ് പുള്‍ ടഗ്ഗുകള്‍, ഹൈ ഫ്രീക്വന്‍സി സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് റേഡിയോസ് മാന്‍പാക്ക്, ഹൈ ആള്‍ട്ടിറ്റിയൂഡ് ലോംഗ് റേഞ്ച് റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം പാട്ടത്തിനെടുക്കല്‍ എന്നിവയ്ക്ക് ഇന്ത്യന്‍ നാവികസേനയ്ക്കും അംഗീകാരം ലഭിച്ചു. ഒപ്പം വ്യോമസേനയ്ക്കായി, ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ലാന്‍ഡിംഗ് റെക്കോര്‍ഡിംഗ് സിസ്റ്റം, ആസ്ട്ര എംകെ II മിസൈലുകള്‍, ഫുള്‍ മിഷന്‍ സിമുലേറ്റര്‍, സ്‌പൈസ് 1000 ലോംഗ് റേഞ്ച് ഗൈഡന്‍സ് കിറ്റുകള്‍ എന്നിവ വാങ്ങുന്നതിന് കൗണ്‍സില്‍ അനുമതി നല്‍കി.