/kalakaumudi/media/media_files/2025/10/06/darge-2025-10-06-09-30-54.jpg)
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളാണ്. ആകെ മരിച്ചവരില്‍ ആറ് പേര്‍ ബാലസോണ്‍ നദിയിലെ ഇരുമ്പുപാലം തകര്‍ന്നാണ് മരിച്ചത്. മിറിക്, കുര്‍സിയാംഗ് എന്നീ ജില്ലകളിലെ പട്ടണങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.
മണ്ണിടിച്ചിലില്‍ നിരവധി വീടുകളും റോഡുകളും തകര്‍ന്നു. വിദൂര ഗ്രാമങ്ങളിലേക്കുള്ള പ്രവേശനവും തടസപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ടിബറ്റന്‍ ഭാഗത്ത് ഏകദേശം 1000ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡാര്‍ജിലിങ്ങിന്റെ അയല്‍ ജില്ലയായ അലിപുര്‍ദുവാറില്‍ നാളെ രാവിലെ വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുഖ്യമന്ത്രി തിങ്കളാഴ്ച ഡാര്‍ജിലിംങ് സന്ദര്‍ശിക്കും. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മമത അടിയന്തര സഹായം വാഗ്ദാനം ചെയ്തു.
വടക്കന്‍ ബംഗാളില്‍ ശനിയാഴ്ച രാത്രി പെയ്ത മഴയാണ് പ്രളയത്തിന് കാരണമായത്. 12 മണിക്കൂറില്‍ വടക്കന്‍ ബംഗാളില്‍ മാത്രം 300 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വെളിപ്പെടുത്തി. ഭൂട്ടാനിലെയും സിക്കിമിലെയും നദികളില്‍ ജലനിരപ്പുയര്‍ന്നതും ദുരന്തത്തിന് കാരണമായി. ഡാര്‍ജിലിങ്ങിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
വടക്കന്‍വ ബംഗാളില്‍ വരും മണിക്കൂറുകളിലും തീവ്ര മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കന്‍ ബംഗാള്‍, ഡാര്‍ജിലിംഗ്, കലിംപോങ്, അലിപുര്‍ദുവാര്‍, ജല്‍പൈഗുരി, കൂച്ച് ബെഹാര്‍ എന്നീ മലയോര ജില്ലകളില്‍ തിങ്കളാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കി.