/kalakaumudi/media/media_files/2026/02/16/hampi-2026-02-16-18-48-55.jpg)
ബെംഗളൂരു: ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി വധശിക്ഷക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി യുവതിയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കര്‍ണാടകയിലെ ഗംഗാവതി സെഷന്‍സ് കോടതി കോടതി വധശിക്ഷക്ക് വിധിച്ചത്.
ഹംപിക്ക് സമീപമുള്ള സനപുരയിലെ തുംഗഭദ്ര കനാലിനടുത്ത് 2025 മാര്‍ച്ച് ആറിനാണ് സംഭവം നടന്നത്. രാത്രി മൂന്ന് പ്രതികളും പണം ആവശ്യപ്പെട്ട് ഇസ്രായേലി ടൂറിസ്റ്റിനെയും ഒരു ഹോംസ്റ്റേ നടത്തിപ്പുകാരിയേയും മറ്റ് മൂന്ന് പുരുഷ ടൂറിസ്റ്റുകളേയും സമീപിക്കുകയായിരുന്നു.
അവര്‍ നല്‍കില്ലെന്ന് അറിയിച്ചപ്പോള്‍ മൂവരും ചേര്‍ന്ന് മൂന്ന് പുരുഷ വിനോദസഞ്ചാരികളെ കനാലിലേക്ക് തള്ളിയിടുകയും രണ്ട് സ്ത്രീകളെയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.കനാലിലേക്ക് തള്ളിയിട്ട രണ്ട് പുരുഷന്മാര്‍ നീന്തി രക്ഷപ്പെട്ടു, അതേസമയം ഒഡീഷയില്‍ നിന്നുള്ള ഒരു വിനോദസഞ്ചാരി കനാലില്‍ മുങ്ങിമരിച്ചു. രണ്ടു ദിവസത്തിനുശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
ഈ മാസം ഒന്‍പതിന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റം ചെയ്തത് തെളിഞ്ഞെന്നാണ് കോടതി കണ്ടെത്തിയത്.
രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഹംപി കൂട്ടബലാത്സംഗവും കൊലപാതവും. ഗംഗാവതി ജില്ലാ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിഭാഗത്തില്‍ പെടുന്നതാണെന്നും പരമാവധി ശിക്ഷ നല്‍കുകയാണെന്നും ജഡ്ജി പ്രസ്താവിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
