' അഞ്ച് കോടി രൂപ നൽകണം'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

അഞ്ചു കോടി രൂപ നല്‍കിയാല്‍ ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.

author-image
Vishnupriya
New Update
salman khan

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് ഭീഷണി ലഭിച്ചത്. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ചു കോടി രൂപ നല്‍കിയാല്‍ ലോറന്‍സ് ബിഷ്‌ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.

വാട്‌സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ കൊല്ലപ്പെട്ട ബാബ സിദ്ധിഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ പറയുന്നു. ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത്.

'ഇതൊന്നും നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ധിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും' മുംബൈ ട്രാഫിക് പോലീസിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍.

salmankhan death threat lawrance bishnoy