/kalakaumudi/media/media_files/2025/10/23/delhi-vayu-2-2025-10-23-09-29-54.jpg)
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കുപിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. 325 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ഡല്‍ഹിയിലെ മിക്ക പ്രദേശങ്ങളും വായു ഗുണനിലവാരത്തില്‍ റെഡ് സോണിലാണുള്ളത്.
ഡല്‍ഹിയിലെ മിക്ക പ്രദേശങ്ങളിലും 300 നും 400 നും ഇടയില്‍ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി. ഇത് 'വളരെ മോശം' വിഭാഗത്തില്‍പ്പെടുന്നു. ആനന്ദ് വിഹാര്‍ പ്രദേശത്താണ് ഏറ്റവും മോശം വായു ഗുണനിലവാര സൂചികയായ 511 രേഖപ്പെടുത്തിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിച്ചതാണ് ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകാന്‍ കാരണമായത്.
പടക്കം പൊട്ടിക്കുന്നതിലൂടെ ഉയര്‍ന്ന പുക ഡല്‍ഹിയിലുടനീളം വായു മലിനീകരണം സൃഷ്ടിച്ചെങ്കെലും, അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും, വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയും മൊത്തത്തിലുള്ള മലിനീകരണ തോത് വര്‍ധിക്കാന്‍ കാരണമായെന്നാണ് കണക്കാക്കുന്നത്. വായുമനിലീകരണം രൂക്ഷമായതോടെ കൃത്രിമ മഴ പെയ്യിച്ച് വായു മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍.
ദീപാവലിക്ക് ഹരിത പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അന്നത്തെ ദിവസം രാവിലെ 8 മുതല്‍ രാത്രി 10 വരെയാണ് പടക്കം പൊട്ടിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, ഈ സമയ പരിധി കഴിഞ്ഞും ആളുകള്‍ പടക്കം പൊട്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
